കുമരകം(കോട്ടയം): (truevisionnews.com ) കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴിപരിചയമില്ലാത്തതുമാണെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് .
കൊല്ലം സ്വദേശിയായ ജെയിംസ് ജോർജും(48), സുഹൃത്ത് സായ്ലി രാജേന്ദ്ര സർജെ(27)യുമാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ഇവർ കൊച്ചിയിലെ സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് സ്വയം ഓടിച്ച് കുമരകത്തെത്തിയത്.
കാറുടമയുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. ഹൗസ്ബോട്ടിൽ യാത്രചെയ്യുന്നതിനാകാം ഇവർ കുമരകത്തെത്തിയതെന്നാണ് കരുതുന്നതെന്നും പോലീസ് പറയുന്നു.
കുമരകത്ത് മുറി വാടകയ്ക്കെടുത്തിരുന്നോ എന്നും അന്വേഷിക്കുന്നു. കാറിൽനിന്ന് ഇവരുടെ ബാഗുകൾ കണ്ടെത്തി. ഇത് വിശദമായി പരിശോധിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്തിരിക്കാമെന്നും സംശയിക്കുന്നു.
മഴയായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു. ഈ ഭാഗത്ത് സുരക്ഷാമുന്നറിയിപ്പുകളും ഇല്ലായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ, കാർ വെള്ളത്തിൽ മുങ്ങുന്നതാണ് കണ്ടത്.
ഇരുപതോളം മത്സ്യത്തൊഴിലാളികളും നാട്ടുകാരും കാർ ഉയർത്താൻ നോക്കിയെങ്കിലും മുങ്ങിപ്പോയി. ഒഴുക്കും ആഴവും ചെളിയുമുള്ള ഭാഗമായതിനാൽ കാർ കണ്ടെത്താനായില്ല.
അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് ടീമെത്തിയാണ് കാർ പുറത്തെടുത്തത്. ചില്ലുതകർത്താണ് ഇരുവരെയും പുറത്തെടുത്തതെന്ന്, സംഭവസ്ഥലത്തെത്തിയ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 45 മിനിറ്റുകൊണ്ടാണ് കാർ പുറത്തെടുത്തത്.
അപരിചിതരായ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന ചേർത്തല-കുമരകം റോഡിൽ കൈപ്പുഴമുട്ട് പാലത്തിൽ സിഗ്നൽ ലൈറ്റോ റിഫ്ലക്ടർ സംവിധാനമോ ദിശാസൂചനാ ബോർഡോ ഇല്ലാത്തത് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രധാനറോഡും സർവീസ് റോഡും തിരിച്ചറിയാൻ പറ്റില്ല. ഈ ഭാഗത്ത് ആറിന് 15 അടി താഴ്ചയുമുണ്ട്.
#Two #people #died #when #car #fell #river #flow #mud #river #became #tragedy