പത്തനംതിട്ട: (truevisionnews.com ) ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
തെങ്കാശി കീലസുരണ്ട സുരേഷ് (32) ആണ് പിടിയിലായത്. ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്.
ചിങ്ങമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ഓഗസ്റ്റ് 20-ന് ആയിരുന്നു സംഭവം. നട അടച്ചശേഷം ഇത് ശ്രദ്ധയിൽപ്പെട്ട ദേവസ്വംബോർഡ് അധികൃതർ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി.
പ്രത്യേകസംഘം രൂപവത്കരിച്ചു. സന്നിധാനത്തെയും പമ്പയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്കുവന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചതിലൂടെ മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചു.
വർഷങ്ങളായി എല്ലാമാസവും ശബരിമലയിൽ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർചെയ്ത വിവരം അറിഞ്ഞതിനെത്തുടർന്ന് ഇത്തവണ എത്തിയില്ല. ഇയാൾ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്.
റാന്നി ഡിവൈ.എസ്.പി. ആർ. ജയരാജിന്റെ നേതൃത്വത്തിൽ പമ്പ പോലീസ് ഇൻസ്‌പെക്ടർ കെ.എസ്.വിജയൻ, എസ്.ഐ. കെ.വി. സജി, എസ്.സി.പി.ഒ.മാരായ സൂരജ് ആർ.കുറുപ്പ്, ഗിരിജേന്ദ്രൻ, സി.പി.ഒ.മാരായ അനു എസ്.രവി, വി.എം. അനൂപ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
#Sabarimala #Sannidhanam #vandalized #money #stolen #accused #arrested