തിരുവനന്തപുരം: (truevisionnews.com)പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി ഏഴ് ദിവസമായി. നാലാം നിലയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അടക്കം താഴെ എത്തിക്കുന്നത് തുണിയിൽ കെട്ടിയാണ്.
രോഗികളുടെ കൂട്ടിരിപ്പുകാർ മുളങ്കമ്പുകൾ തുണിയിൽ കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ മുകൾ നിലയിൽനിന്നു താഴേക്ക് ഇറക്കുന്നത്.
ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റ് പണിമുടക്കി ഒരാഴ്ച പിന്നിട്ടിട്ടും ആശുപത്രി അധികൃതർ അനങ്ങാത്തതാണ് ഇത്തരം ജീവന്മരണ യാത്രക്ക് കാരണം.
ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ കൊണ്ടുപോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണമുണ്ട്.
ആശുപത്രിയുടെ മൂന്നാംനിലയിലെ ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന രോഗികളെയും ഇങ്ങനെ കൊണ്ടുപോകേണ്ട അവസ്ഥയാണ്.
ലേബർവാർഡും പീഡിയാട്രിക് ഐ.സി.യു.വും ഇവിടെയാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്ക് സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റുവഴിയില്ല.
തുണിയിൽ കെട്ടി കൊണ്ടുവന്ന രോഗി താഴെ വീണ വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും എത്തി.
വിവരം അറിഞ്ഞ മന്ത്രി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി.
#General #hospital #lift #malfunction #incident #order #comprehensive #investigation