കോഴഞ്ചേരി: (truevisionnews.com)ആധാർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ്മയിൽനിന്നും 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടു യുവതികളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊളത്തറ സ്വദേശികളായ കുന്നത്ത് കരുന്തയിൽ വീട്ടിൽ പി. പ്രജിത (41), കൊളത്തറ താഴംചേരില്‍ വീട്ടിൽ ഷാനൗസി (35) എന്നിവരെയാണ് കോഴിക്കോട് നിന്ന് കോയിപ്രം പൊലീസ് പിടികൂടിയത്.
വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.
വെണ്ണിക്കുളം വെള്ളാറ മലയിൽ പറമ്പിൽ വീട്ടിൽ സാം തോമസിന്റെ ഭാര്യ ശാന്തി സാം (56) ആണ് തട്ടിപ്പിനിരയായത്.
ഈ വർഷം ജൂൺ 19 മുതൽ ജൂലൈ എട്ടുവരെയുള്ള കാലയളവിലാണ് ഇവർക്ക് 50 ലക്ഷത്തോളം രൂപ നഷ്ടമായത്.
വീട്ടമ്മക്ക് നഷ്ടമായ തുകയില്‍ നിന്നും 10 ലക്ഷം രൂപ കോഴിക്കോട് രാമനാട്ടുകര എസ്.ബി.ഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ച ശേഷം രണ്ടാം പ്രതിയും സുഹൃത്തുമായ ഷാനൗസിക്ക് കൈമാറി.
ഐ.ടി കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശാന്തി സാമിന്റെ ഭർത്താവ് സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്തുവരികയാണ്. മകൾ ചെന്നൈയിലും ജോലി ചെയ്യുന്നു.
ശാന്തി സാമിന്റെ പേരിലെ നാലോളം അക്കൗണ്ടുകളിൽനിന്നും ലഖ്നോ പൊലീസ് ആണെന്നും സി.ബി.ഐ ആണെന്നും വിശ്വസിപ്പിച്ച ശേഷം പലതവണകളായി പണം കൈവശപ്പെടുത്തുകയായിരുന്നു.
ജൂൺ 19ന് രാവിലെ എട്ടുമണിക്ക് ഇവരുടെ ഫോണിൽ വന്ന കോളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഹിന്ദി അറിയാവുന്ന വീട്ടമ്മയെ ഹിന്ദി ഭാഷയില്‍ സംസാരിച്ച് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്.
ശാന്തിയുടെ ആധാർ വിവരങ്ങൾ മനസ്സിലാക്കിയ ചില ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും ഇവരും പ്രതിയാകാൻ സാധ്യതയുണ്ടെന്നും തങ്ങളുമായി സഹകരിച്ചില്ലെങ്കിൽ സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു യുവതികൾ ഭീഷണിപ്പെടുത്തി.
തുടർന്ന് വീട്ടമ്മയുടെ പേരിലെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ദിവസവും ഫോണിൽ വിളിച്ച് അക്കൗണ്ടുകളിൽ സംശയകരമായി പണം കാണുന്നുണ്ടെന്നും മറ്റും പറഞ്ഞ് ഭയപ്പെടുത്തി.
അക്കൗണ്ടിൽ ഇപ്പോൾ എത്ര രൂപയുണ്ടെന്ന് ചോദിച്ചപ്പോൾ 1.35 ലക്ഷം ഉണ്ടെന്ന് അറിയിച്ചു. പിന്നീട് തട്ടിപ്പുകാർ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് ഈ തുക അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.
ഭയന്നുപോയ വീട്ടമ്മ വെണ്ണിക്കുളം സൗത്ത് ഇന്ത്യൻ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്നും തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ട് നമ്പറിലേക്ക് തുക അയച്ചുകൊടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ പല അക്കൗണ്ട് നമ്പറുകൾ വാട്സ്ആപ് മുഖേന അയച്ചുകൊടുക്കുകയും പണം ആവശ്യപ്പെടുകയായിരുന്നു.
അയച്ചുകൊടുക്കുന്ന തുകകളുടെ ഓഡിറ്റ് നടത്തിയതിന്‍റേതാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിൽ രസീത് വീട്ടമ്മക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഓഡിറ്റ് പൂർത്തിയാകുന്ന മുറക്ക് മുഴുവൻ തുകയും അക്കൗണ്ടിലേക്ക് മടക്കിനൽകാമെന്നും വാക്കുകൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വീട്ടമ്മയുടെ വിവിധ ബാങ്ക് അക്കൗണ്ട് നമ്പറുകളിൽ നിന്നും പല തിയതികളിലായി തുകകൾ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.
ഇത്തരത്തിൽ ആകെ 49,03,500 രൂപയാണ് വീട്ടമ്മക്ക് നഷ്ടമായത്. ഇടക്ക് രണ്ടുതവണയായി 2,70,000ഉം 1,90,000ഉം ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ട് കൊടുത്ത് വിശ്വാസ്യത നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ, ഈ തുകകളും പിന്നീട് തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്നും പിൻവലിച്ച് കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
#Aadhaar #threatened #misused #Two #young #women #arrested #extorting #money #from #housewife