പന്തളം: (truevisionnews.com) എം.സി റോഡിൽ പന്തളം കുളനടയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ മരിച്ചു. ടൂറിസ്റ്റ് ബസിന്‍റെ കാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ തിരുവനന്തപുരം വട്ടപ്പാറ ചേതപ്പൂർ മോഹൻ നിവാസിൽ മിഥുൻ രാജാണ് (26) രക്തം വാർന്ന് മരിച്ചത്.
അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കുളനട ഓർത്തഡോക്സ‌് പള്ളിക്ക് സമീപം ഞായറാഴ്ച രാവിലെ 6.45നാണ് അപകടം.
മാനന്തവാടിയിൽനിന്ന് തിരുവനന്തപുരത്തിന് വന്ന എമറാൾഡ് ട്രാവൽസ് ബസും തമിഴ്‌നാട്ടിൽനിന്ന് സിമന്‍റുമായിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ കാബിനിൽ കുടുങ്ങുകയായിരുന്നു. ചെങ്ങന്നൂർ, അടൂർ അഗ്നിരക്ഷാസേന യൂനിറ്റുകളും നാട്ടുകാരും രണ്ടുമണിക്കൂറോളം പരിശ്രമിച്ച് കാബിൻ പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
മിഥുൻരാജിനെ രക്ഷിക്കാനായില്ല. ഇരുവാഹനങ്ങളും നേർക്കുനേർ ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
ബസ് ക്ലീനർ വയനാട് മാനന്തവാടി കോണിച്ചിറ അഖിൽ ടി. മാത്തൻ (37), ലോറി ഡ്രൈവർ കൊല്ലം മുണ്ടക്കൽ വെസ്റ്റ് തില്ലേരി മിഷൻ കോമ്പൗണ്ട് രാജു ലോബോ (33), ബസ് യാത്രക്കാരായ തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫ്, ദൃശ്യ, മുഹമ്മദ് ഇൻസാറ്റ്, അഖിൽ, അനീഷ്, ജേക്കബ്, ഗോഡ്സൺ, സയിൻ ലാൽ, രാഖി, ദേവിക, സെന്തിൽകുമാർ, അരുൺ, ജോയി, മിഥുൻ രാജ്, പ്രീതി എന്നിവരെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ അബ്ദുൽ ലത്തീഫിന്റെ നില ഗുരുതരമാണ്. പത്തനംതിട്ട ചിറ്റാർ വെള്ളിപ്പറമ്പിൽ ഹൗസിൽ രശ്മി (29), കൊട്ടാരക്കര പനവേലി കുന്നുവിള വീട്ടിൽ അഭിലാഷ് (36), കോഴിക്കോട് ഒലവന ദാറുൽ സലാമിൽ ഷമീറ (48), തിരുവനന്തപുരം സ്വദേശികളായ ചെറുകുളം ലക്ഷ്മി നിവാസിൽ ഹരിശങ്കർ (55), വൊയ്യനാട് തകടിയിൽ ഹൗസിൽ ജോയൽ (36), മണക്കാട് ഇല്ലുംവില്ലയിൽ ആകാശ് (25), വഴിയമ്പലം കൃഷ്ണനഗർ കോളനി 323 രഞ്ജിനി (46), ചെമ്പൂർ മയൂരം വീട്ടിൽ സന്ധ്യ (44) എന്നിവരെ പുന്തല കക്കടയിലെ സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര ശക്തി ടയേഴ്സ് ഉടമ എസ്. അരുൺ (29), മലപ്പുറം വളവട്ടൂർ മങ്കാൽ വീട്ടിൽ സഞ്ജു അമ്പാടി (37), ബംഗളൂരു അഞ്ജലി നിലയത്തിൽ അരുൺകുമാർ (30) എന്നിവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
#bus #driver #died #after #collision #between #tourist #bus #lorry.