കോഴിക്കോട്: (truevisionnews.com) കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണത്തിലെ മുഖ്യപ്രതി ഗുജറാത്തില്‍ പിടിയിലായി. കേസിലെ പ്രധാനപ്രതിയായ റഫീഖ് കാരിപ്പറമ്പിനെ അഹമ്മദാബാദ് വിമാനത്താവളത്തില്‍വെച്ചാണ് പിടികൂടിയത്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളെ മുക്കം പോലീസിന് കൈമാറും.
യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചാത്തമംഗലം പാഴൂര്‍ സ്വദേശി ആബിദിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആബിദിനെ സ്വന്തം സ്ഥാപനത്തില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്.
ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം അജ്ഞാതകേന്ദ്രത്തില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധു പറഞ്ഞു. രണ്ട് കാറുകളിലായി എത്തിയ സംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി.
പിന്നാലെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന ആബിദിനെ മറ്റൊരു കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍വെച്ചും അജ്ഞാതകേന്ദ്രത്തില്‍വെച്ചും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സദാചാര ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ബന്ധുക്കളാണെന്നാണ് ആരോപണം.
സംഭവത്തില്‍ ആബിദിന്റെ പരാതിയില്‍ വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ചുപേര്‍ക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. ഇതില്‍ മുഖ്യപ്രതിയാണ് ചൊവ്വാഴ്ച അഹമ്മദാബാദില്‍ പിടിയിലായത്.
#Moralgangattack #Kozhikode #Kodiathur #Main #accused #arrested #airport