കോവളം:(truevisionnews.com)വാഹന പരിശോധനയ്ക്കിടെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ദമ്പതിമാരിൽനിന്ന് പോലീസ് പിടിച്ചെടുത്തത് പന്ത്രണ്ടര കിലോ കഞ്ചാവ്.
സംഭവത്തിൽ മുട്ടത്തറയിലെ പെട്രോൾ പമ്പിന് എതിർവശത്തുള്ള തരംഗിണി നഗറിൽ വാടകയ്ക്കു താമസിക്കുന്ന ഉണ്ണിക്കൃഷ്‌ണൻ(39), ഇയാളുടെ ഭാര്യ അശ്വതി(35) എന്നിവരെ കോവളം പോലീസ് അറസ്റ്റുചെയ്‌തു.
വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോൾ ഇവർ സ്‌കൂട്ടർ നിർത്താതെ പോകുകയായിരുന്നു. സംശയത്തെ തുടർന്ന് പിടികൂടിയപ്പോഴാണ് ഇവരുടെ പക്കൽനിന്ന് പന്ത്രണ്ടര കിലോ കഞ്ചാവ് നിറച്ച ബാഗ് കണ്ടെടുത്തത്.
ശനിയാഴ്ച രാവിലെ എട്ടോടെ കോവളം ജങ്ഷനിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറിൽ കടന്നുപോയ ഇവരെ പോലീസ് കൈകാണിച്ചിരുന്നു. നിർത്താതെ പോയവർ ആഴാകുളം വഴി കോവളം ലൈറ്റ് ഹൗസ് റോഡിലേക്ക് തിരിഞ്ഞു.
പോലീസ് പുറകെ വരുന്നതുകണ്ട് കൈയിലുണ്ടായിരുന്ന ബാഗ് റോഡിന് സമീപത്ത് വലിച്ചെറിഞ്ഞു. തുടർന്ന് സ്കൂട്ടറും ഉപേക്ഷിച്ച് കടൽത്തീരത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ, പിൻതുടർന്ന പോലീസ് സംഘം രണ്ടുപേരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്‌കൂട്ടറും ബാഗിലെ കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഒഡീഷയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പറഞ്ഞു. ഒഡീഷയിൽ നിന്ന് തീവണ്ടിമാർഗം നാഗർകോവിലിലും അവിടെനിന്ന് ബസിൽ കളിയിക്കാവിളയിലുമെത്തി.
ഇത് സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോവളം ജങ്ഷനിൽ വനിതാപോലീസ് ഉൾപ്പെട്ട സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്ത് എത്തിയ ഇവരെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കൈകാണിച്ചുവെങ്കിലും നിർത്താതെ പോവുകയായിരുന്നു.
ഉണ്ണിക്കൃഷ്ണനെ 125 കിലോയോളം കഞ്ചാവുമായി നേരത്തെ പിടികൂടിയിട്ടുണ്ട്. നഗരമടക്കമുളള സ്ഥലങ്ങളിൽ കഞ്ചാവ് മൊത്തം വിതരണം നടത്തുന്നയാളാണെന്നും കോവളം പോലീസ് പറഞ്ഞു. എസ്.എച്ച്. ഒ. വി. ജയപ്രകാശ്, എസ്.ഐ. സുരേഷ് കുമാർ, ഗ്രേഡ് എസ്.ഐ.നസീർ, സീനിയർ സി.പി.ഒ ബിജു ജോൺ, സി.പി.ഒ റാണി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
#police #waved #couple #without #stopping #scooter #12.5kg #ganja #discarded #bag #arrested