നെടുങ്കണ്ടം: (truevisionnews.com)ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചിട്ടില്ല.
സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഈ വർഷം ഫെബ്രുവരി മൂന്നിനായിരുന്നു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്താണ് ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയത്. താലൂക്ക് ആശുപത്രിക്ക് സമീപം കെട്ടിടവും വിട്ടു നൽകി.
വേണ്ട മെഷീനുകളും കട്ടിലുകളുമെല്ലാം എത്തിയെങ്കിലും യൂണിറ്റ് പ്രവർത്തിക്കാനാവശ്യമായ ജനറേറ്റർ സ്ഥാപിച്ചില്ല.
രോഗിക്ക് ഡയാലിസിസ് ചെയ്യുന്ന സമയത്ത് വൈദ്യുതി തടസ്സപ്പെടാൻ പാടില്ലാത്തതിനാൽ ജനറേറ്ററും യുപിഎസില്ലാതെ യൂണിറ്റിന്റെ പ്രവർത്തനമാരംഭിക്കാൻ കഴിയില്ല.
ജനറേറ്റർ സ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ യുപിഎസിനു വേണ്ട ചെലവും യൂണിറ്റിലേക്ക് നിയമിക്കുന്ന ഡോക്ടറുടെ വേതനവും ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരു ഡയാലിസിസ് ടെക്നിഷ്യനെ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള നിയമിക്കും. മറ്റൊരു ടെക്നിഷ്യനെയും 2 നഴ്സുമാരെയും നിയമിക്കാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.
ഡയാലിസിസ് ചെയ്യുന്ന ഒട്ടേറെ രോഗികളാണ് നെടുങ്കണ്ടം മേഖലയിലുള്ളത്. ഇതിനായി സ്വകാര്യ ഡയാലിസിസ് യുണിറ്റുകളെയോ ഇടുക്കി മെഡിക്കൽ കോളജിനെയോ ആണ് അധികമാളുകളും ആശ്രയിക്കുന്നത്.
ദീർഘദൂരം യാത്ര ചെയ്തും ഉയർന്ന തുക നൽകിയും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവരായ രോഗികൾക്ക് ആശ്വാസമാകേണ്ട താലൂക്ക് ആശുപത്രിയിലെ യൂണിറ്റ് എത്രയും വേഗം പ്രവർത്തനമാരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
#dialysis #unit #nedumkunnam #taluk #hospital