കൽപറ്റ: (truevisionnews.com) വയനാട് ദുരന്ത ബാധിത മേഖലകളിലെ തിരച്ചിൽ ശരിയായ രീതിയിൽ പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ.
ചെളി നിറഞ്ഞ മേഖലകളിൽ കൂടുതൽ പരിശോധന നടത്തുമെന്നും പുഞ്ചിരി മട്ടത്ത് തിരച്ചിൽ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും മന്ത്രി പ്രതികരിച്ചു.
കഡാവർ ഡോഗിനെ ഉപയോഗിച്ച് പരിശോധന നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചിൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു.
അതുവരെ തിരച്ചിൽ തുടരും. പല ഭാഗങ്ങളിലായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സേനാ തലവന്മാരുമായി ഇന്ന് യോഗം ചേരും, കെ രാജൻ വ്യക്തമാക്കി.
വ്യത്യസ്തമായ റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധന നടത്തി വരികയാണ്. ശരിയായ രീതിയിലാണ് തിരച്ചിൽ പുരോഗമിക്കുന്നത് എന്നും കെ രാജൻ കൂട്ടിച്ചേർത്തു.
അതേസമയം, വയനാട് മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൻ്റെ നിയമ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്. സംസ്ഥാനത്തിന് കേന്ദ്രത്തിൻ്റെ പിന്തുണയുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.
#Search #order #meeting #army #chiefstoday #KRajan