തിരുവനന്തപുരം: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം വയനാടിന് നൽകുമെന്ന് ഉറപ്പ് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വയനാടിന്റെ പുനർനിർമ്മാണത്തിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കും ഒപ്പം നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ യുഡിഎഫിന് വ്യക്തമായ പദ്ധതികളുണ്ട്.
കാലാവസ്ഥ വ്യതിയാനം അപകടകരമായ സാഹചര്യത്തിലാണെന്നും വി ഡി സതീശൻ ഓർമ്മപ്പെടുത്തി. അതേസമയം, തിരച്ചിൽ ശരിയായ രീതിയിൽ പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
ചെളി നിറഞ്ഞ മേഖലകളിൽ കൂടുതൽ പരിശോധന നടത്തുമെന്നും പുഞ്ചിരിമട്ടത്ത് തിരച്ചിൽ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ് എന്നും മന്ത്രി പ്രതികരിച്ചു.
കഡാവർ ഡോഗിനെ ഉപയോഗിച്ച് പരിശോധന നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചിൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു.
അതുവരെ തിരച്ചിൽ തുടരും. പല ഭാഗങ്ങളിലായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സേനാ തലവന്മാരുമായി ഇന്ന് യോഗം ചേരും, കെ രാജൻ വ്യക്തമാക്കി.
#'UDF #MLAs #give #one #month's #salary #Wayanad #VDSatheesan