മേപ്പാടി: (truevisionnews.com) വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കും കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തുകയാണ് മുസ്‍ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ്.
കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാർഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. എന്നാൽ ഇവരുടെ ഭക്ഷണ വിതരണം നിർത്തണമെന്ന നിർദ്ദേശം പൊലീസ് നൽകിയതിന് പിന്നാലെ നിരാശയോടെ മടങ്ങുകയാണ് വൈറ്റ് ഗാർഡിന്റെ ചെറുപ്പക്കാർ.
ദിവസവും ആയിരത്തിലധികം ആളുകൾക്കാണ് മൂന്ന് നേരവും രാത്രി രക്ഷാപ്രവർത്തകർ തിരികെ പോകും വരെയും ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഭക്ഷണ വിതരണത്തിന് പുറമെ രക്ഷാദൗത്യത്തിന് പോകുന്നവർക്ക് പാഴ്സലും ഇവർ നൽകാറുമുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോഴാണ് ഇവരെ പൊലീസ് തടഞ്ഞത് എന്ന് വൈറ്റ് ഗാർഡ് അംഗം പറഞ്ഞു.
'ഭക്ഷണം ലഭിക്കാതെ ഒരുപാട് പേരുണ്ട് എന്ന് നാട്ടുകാരൻ കൂടിയായ പഞ്ചായത്ത് മെമ്പറിന് ലഭിച്ച വിവരത്തെ തുടർന്നാണ് ഞങ്ങൾ അങ്ങോട്ടേക്ക് പാഴ്സലുമായി തിരിച്ചത്.
എന്നാൽ പൊലീസ് അങ്ങോട്ടേക്ക് കടത്തിവിടാതിരിക്കുകയും തങ്ങളുമായി തർക്കത്തിലാവുകയും ചെയ്തു. പഞ്ചായത്ത് മെമ്പറുമായി സംസാരിച്ചതിന് ശേഷം വണ്ടി കടത്തിവിട്ടു.
എന്നാൽ തിരികെ വരുമ്പോൾ പൊലീസ് വീണ്ടും തടഞ്ഞു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ ഡിഐജി തോംസണുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല എന്നാണ്.
റവന്യുവിന്റെ ഭക്ഷണം ഇവിടെയുണ്ട്. ഇവിടെ ഫയർഫോഴ്സ് സംഘവും മറ്റ് സേനാംഗങ്ങളുമൊക്കെയുണ്ട്. ഞങ്ങൾക്ക് നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു പുല്ലുമില്ല, ചുക്കുമില്ല എന്ന അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്ത വാക്കുകളുപയോഗിച്ചാണ് സംസാരിച്ചത്.
മാത്രമല്ല, ഇവിടെയിപ്പോൾ ജെസിബിയാണ് പണിയെടുക്കുന്നതെന്നും സന്നദ്ധ സേവകരെന്ന് പറഞ്ഞുവരുന്നവർ വടിയും കുത്തിപ്പിടിച്ചു വെറുതേ നോക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് അത് വളരെ പ്രായസമുണ്ടാക്കി.
ഇനി ഭക്ഷണം വിതരണം ചെയ്താൽ നിയമപരമായി നടപടിയെടുക്കും എന്ന് പറഞ്ഞു. ഒരു അതോറിറ്റിയാണ് ഇങ്ങനെ പറഞ്ഞത് എന്നുള്ളതുകൊണ്ട് തന്നെ ഞങ്ങൾ ഭക്ഷണ വിതരണം അവസാനിപ്പിക്കുകയാണ്.
അക്കാര്യം ഇവിടുത്തെ നാട്ടുകാരെയും അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഭക്ഷണമുണ്ടാക്കാനായി ഒരുപാട് സാധനങ്ങൾ വാങ്ങി വെച്ചു. അതെല്ലാം എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല', വൈറ്റ് ഗാർഡ് അംഗം പറഞ്ഞു.
#police #stopped #service #wet #guard #wayanad