മുണ്ടക്കൈ (വയനാട്): (truevisionnews.com) മഹാദുരന്തത്തെ നേരത്തെ മനസ്സിൽ കണ്ടെന്നപോലെ സ്കൂൾ മാഗസിനിൽ കഥയെഴുതിയ ഒമ്പതാം ക്ലാസുകാരിക്ക് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടത് സ്വന്തം അച്ഛനെ.
കഥ അവസാനിക്കുന്നത് സന്തോഷത്തോടെയാണെങ്കിലും യാഥാർഥ്യം മറിച്ചാവുകയായിരുന്നു. ചൂരൽമലയിലെ വീട്ടിൽ അച്ഛനും അമ്മക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന ലയ എന്ന വിദ്യാർഥിനിയുടെ കൺമുന്നിൽവെച്ചാണ് അച്ഛൻ ലെനിൻ ഒലിച്ചുപോയി മരണത്തിന് കീഴടങ്ങിയത്.
മലവെള്ളപ്പാച്ചിലിൽ ഭാര്യയെയും മകളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛന്റെ വിയോഗം നേരിൽ കണ്ടതിന്റെ ഞെട്ടലിൽനിന്ന് ലയ ഇപ്പോഴും മുക്തയായിട്ടില്ല.
മലവെള്ളപ്പാച്ചിലിൽ പാതി തകർന്ന വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രസിദ്ധപ്പെടുത്തിയ ‘വെള്ളാരം കല്ലുകൾ’ മാസികയിലാണ് പ്രകൃതി ദുരന്തത്തെക്കുറിച്ച് ലയ കഥയെഴുതിയത്.
ഒരു കിളി വന്ന് കഥയിലെ കഥാപാത്രങ്ങളോട് ഇവിടെയൊരു മഹാദുരന്തം വരാനിരിക്കുന്നു, ഇവിടെനിന്ന് രക്ഷപ്പെട്ടോളൂ എന്ന് പറയുന്നതാണ് കഥയിലെ മർമം.
അനശ്വരയും അലംകൃതയുമാണ് ലയ മോളുടെ കഥയിലെ കൂട്ടുകാർ. എവിടെനിന്നോ പറന്നുവന്നൊരു കിളിയാണ് ഇവരോട് ദുരന്തത്തെക്കുറിച്ച് പറയുന്നത്.
വെള്ളാർമലയിലെ വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തിയപ്പോഴാണ് ഇവിടെ ഒരു കിളി എത്തിയത്. മഹാദുരന്തം വരാനിരിക്കുന്നു, നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോളൂ കുട്ടികളേ എന്ന് കിളി ഇരുവരോടും പറയുകയാണ്.
കിളി പറഞ്ഞതിന്റെ പൊരുൾ ഇരുവർക്കും മനസ്സിലായില്ലെങ്കിലും ആ വാക്കുകളനുസരിച്ച് അവർ അവിടെനിന്നും ഓടിപ്പോകുന്നതിനിടെ മാതാപിതാക്കളെ കണ്ടുമുട്ടി.
മാതാപിതാക്കൾ അവരെ തിരഞ്ഞുനടക്കുകയായിരുന്നു. കണ്ടതിലുള്ള സന്തോഷത്തോടെ കുട്ടികളെ അവർ വാരിപ്പുണർന്നു. തിരിഞ്ഞു നോക്കുമ്പോൾ മലമുകളിൽ മഴവെള്ളം ഒലിച്ചിറങ്ങുന്നതും പാറമുകളിൽ എത്തിയ കിളി ഒരു പെൺകുട്ടിയാകുന്നതുമാണ് ഇരുവരും കണ്ടത്.
പണ്ടൊരിക്കൽ അവിടത്തെ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് മരിച്ചുപോയ അമൃത എന്ന പെൺകുട്ടിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയ ആ കിളി എന്നു പറഞ്ഞാണ് കഥ അവസാനിക്കുന്നത്.
ദുരന്തത്തെ നേരത്തേ പറഞ്ഞുവെച്ചുവെന്ന നിലയിൽ ലയയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ വൈറലായതോടെ ഈ കുട്ടിയെ കുറിച്ചുള്ള അന്വേഷണവും വ്യാപകമായിരുന്നു.
കഥയിൽ പറഞ്ഞ ദുരന്തം സംഭവിച്ചുവെന്ന അതിശയമാണ് എല്ലാവരും പങ്കുവെക്കുന്നത്. ലയ മോൾ ഇപ്പോൾ ബന്ധുവീട്ടിൽ കഴിയുകയാണെന്നാണ് വിവരം.
വെള്ളാർമല ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ സംസ്കൃത ഭാഷാപഠനം ഇല്ലാത്തതിനാൽ ഈ വർഷം മേപ്പാടി ഹയർ സെക്കൻഡറിയിലേക്ക് ട്രാൻസ്ഫർ വാങ്ങിയിരുന്നു ലയ.
#concerns #story #come #true #LayaMol #lost #her #father