(truevisionnews.com) മുണ്ടക്കൈയിലെയും ചൂരൽമലയിലെയും രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാണെന്ന് പിറവം കേരള ഫയർ ആന്റ് റെസ്ക്യു സർവ്വീസിലെ ഉദ്യോഗസ്ഥൻ അലക്സ്.
ഒരു വീടിന്റെ അത്രയും വലിപ്പമുള്ള പാറകല്ലുകളാണ് ഇവിടെ കൂടികിടക്കുന്നത്. ഇതെല്ലാം മാറ്റാനായി മാസങ്ങളോളം എടുക്കും. ഈ വിശാലമായ സ്ഥലത്ത് എവിടെയാണ് ആൾക്കാർ കുടുങ്ങികിടക്കുന്നതെന്നും ഒഴുകിപോയോ എന്നൊന്നും കൃത്യമായ വിവരം ലഭിക്കാത്തതിനാൽ, നമുക്ക് സാധ്യമായ എല്ലാ സേവനങ്ങളും സർക്കാറിന്റെ സംവിധാനങ്ങൾ ഉപയോഗിച്ചും മറ്റു സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയും വിശദമായി പരിശോധിക്കും.
അതിൽ യാതൊരു കുറവും വരുത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും.
ചില വീടുകളിൽ എല്ലാ അംഗങ്ങളും മരിച്ചിട്ടുണ്ട്. അപ്പോൾ എന്റെയാൾക്കാർ ഇവിടെയുണ്ട്, തിരയണമെന്ന് പറയാനായി ആരുമില്ല.
അത് വലിയൊരു മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം.
കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളകടൽ മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.
#kerala #fire #rescue #service #wayanad #landslide