കോട്ടയം: (truevisionnews.com) ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നു പുറത്താക്കി.
ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ. പണിക്കറിനെ(36) ആണ് കാപ്പ കോട്ടയം ജില്ലയിൽനിന്ന് ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതുള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകൾ യുവതിക്കെതിരെ നിലവിലുണ്ട്.
തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ്‍വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പൊലീസ് സ്വീകരിച്ചുവരുന്നത്.
തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ വകുപ്പുകള്‍ അനുസരിച്ചു നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
#woman #deported #district #under #KaapaAct