കോട്ടയം: ( www.truevisionnews.com ) വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നവർക്ക് കോട്ടയത്തെ സ്‌പെഷ്യൽബ്രാഞ്ച് എസ്.ഐ.യുടെ വക സമ്മാനം.
സംഭാവന നൽകുന്നവരുടെയോ അവർ നിർദേശിക്കുന്ന വ്യക്തികളുടെയോ ഫോട്ടോ, ചിത്രകാരൻകൂടിയായ എസ്.ഐ.രാജേഷ് മണിമല വരച്ച് സമ്മാനിക്കും. കുറഞ്ഞത് ആയിരം രൂപയെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നൽകി രസീത് അയച്ചുകൊടുത്താൽ മതി.
മണിമല സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടാണ് താമസിക്കുന്നത്. 2017 മുതൽ മൂന്ന് പ്രളയകാലത്തും കോവിഡ് കാലത്തും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത് പ്രോത്സാഹിപ്പിക്കാൻ ചിത്രസമ്മാനം നൽകിയിരുന്നു. ഈ പ്രചോദനം ഉൾക്കൊണ്ട് അന്ന് നാലുഘട്ടത്തിലായി കേരളത്തിലും വിദേശത്തുമുള്ളവർ അഞ്ചരലക്ഷം രൂപയിലേറെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
500 രൂപ മുതൽ 80,000 രൂപവരെ സംഭാവനചെയ്ത വ്യക്തികളുണ്ടായിരുന്നുവെന്ന് രാജേഷ് മണിമല പറഞ്ഞു. സംസ്ഥാനപോലീസിലെ അറിയപ്പെടുന്ന ചിത്രകാരനാണിദ്ദേഹം. നിരവധി കേസുകളിലെ പ്രതികളുടെ രേഖാചിത്രങ്ങൾ വരച്ച് അവരെ പിടികൂടുന്നതിന് പോലീസിനെ സഹായിച്ചിട്ടുണ്ട്.
സാക്ഷികളുടെ വിവരണങ്ങളനുസരിച്ചാണ് പ്രതികളുടെ ചിത്രങ്ങൾ തയ്യാറാക്കുന്നത്. രാജേഷ് മണിമല എന്ന ഫെയ്‌സ്ബുക്ക് പേജിൽ വാട്‌സ്ആപ്പ് നമ്പർ ചേർത്തിട്ടുണ്ട്. അതിലൂടെ രസീതുകളും വരയ്‌ക്കേണ്ട ഫോട്ടോയും അയച്ചുകൊടുത്താൽ ഒരുനന്മപ്രവൃത്തിയുടെ ഓർമ്മ എക്കാലത്തും സൂക്ഷിച്ചുവെയ്ക്കാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഈ ലിങ്കിലൂടെ http://donation.cmdrf.kerala.gov.in വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കോ ക്യു.ആർ.കോഡുപയോഗിച്ചോ പണം അയയ്ക്കാം.
#donate #relief #fund #si #will #be #drawn #picture