നിലമ്പൂർ: (truevisionnews.com) വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിലും കരയിലെ വനത്തിലുമായി നടത്തിയ തിരച്ചിലിൽ ഇതുവരെ കണ്ടെത്തിയത് 58 മൃതദേഹങ്ങൾ.
നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളിൽ നിന്നായി മൂന്ന് ദിവസത്തെ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൂടാതെ 93 മൃതദേഹ ഭാഗങ്ങളും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഒരു മൃതദേഹവും ലഭിച്ചു. വന്യമൃഗ ശല്യമടക്കമുള്ള വെല്ലുവിളികൾ അവഗണിച്ചാണ് ചാലിയാർ പുഴയുടെ കരയിലുള്ള വനത്തിൽ തിരച്ചിൽ നടത്തുന്നത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ, മൃതദേഹ ഭാഗങ്ങൾ എന്നിവയിൽ 149 എണ്ണത്തിൻ്റെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
മൃതദേഹവും മൃതദേഹഭാഗങ്ങളും ഉൾപ്പെടെ 140 പേരുടെ ചേതനയറ്റ ശരീരമാണ് വയനാട്ടിലേക്ക് മാറ്റിയത്. നടപടിക്രമങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് ബാക്കിയുള്ള മൃതദേഹവും മൃതദേഹ ഭാഗങ്ങളും ഇന്ന് തന്നെ വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി.
ചാലിയാറിലും തീരത്തുമായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിയിട്ടുണ്ട്. അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 280 ആയി. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്.
100 പേരെയാണ് തിരിച്ചറിഞ്ഞത്. 234 പേരെ ആശുപത്രിയിലെത്തിച്ചു. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.
പ്രദേശത്ത് പ്രയാസം സൃഷ്ടിച്ച് മഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് പുഞ്ചിരിമട്ടത്ത് തിരച്ചില്‍ നിര്‍ത്തി. കരസേന ഉദ്യോഗസ്ഥർ അടക്കം മടങ്ങി. ഉരുൾപൊട്ടലിൻ്റെ ഉൽഭവ സ്ഥലത്തിന് തൊട്ടുതാഴെയുള്ള ഗ്രാമമാണ് പുഞ്ചിരിമട്ടം.
കൂടുതൽ മൃതദേഹങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്ന് പതിമൂന്നാം പാലത്തിൽ തിരച്ചിൽ നടത്തി. വില്ലേജ് റോഡിലാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ഇവിടെ നിന്ന് അഞ്ച് മൃതദേഹമാണ് ലഭിച്ചത്.
മരങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതിനിടെ, ദുരന്തമുഖത്ത് ആശ്വാസമായി രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം സജ്ജമായി. പാലം തുറന്നതിനു പിന്നാലെ ആദ്യമായി സൈന്യത്തിന്റെ വാഹനം പാലത്തിലൂടെ കടത്തിവിട്ടു.
മറ്റു വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി. ഇതോടെ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും എത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം അതിവേഗത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്.
31 മണിക്കൂർ കൊണ്ടാണ് പാലം നിര്‍മിച്ചത്. പുഴയിലെ ശക്തമായ കുത്തൊഴുക്കിനിടയിലും ഇന്നലെ രാത്രിയിൽ പാലത്തിന്റെ നിർമാണം തുടർന്നിരുന്നു. 190 അടി നീളത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്.
24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. 15 ട്രക്കുകളിലായാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്.
#Chaliyar #said #disaster #deadbodies #many #bodyparts #found #river #forest