പാണ്ടിക്കാട്: (truevisionnews.com) നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിനാലുകാരൻ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി.
കുട്ടിയുടെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂൾ ആനക്കയം പഞ്ചായത്തിലുമാണ്. ഈ പഞ്ചായത്തുകളിൽ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധന തുടരുകയാണ്.
അതിജാഗ്രതയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകളോട് നാട്ടുകാർ പൂർണമായി സഹകരിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വാഹന അനൗൺസ്മെന്റിലൂടെ നിർദേശങ്ങൾ നൽകുന്നുണ്ട്.
ചെമ്പ്രശ്ശേരി മേഖലയിലാണ് പോലീസ് പരിശോധന ഊർജിതം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു.
വിവാഹസൽക്കാരച്ചടങ്ങുകളിലും നിരീക്ഷണമുണ്ട്. സന്നദ്ധ സംഘടനകളും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും രോഗവ്യാപനം തടയാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പാണ്ടിക്കാട്ട് പ്രത്യേക സംഘമുണ്ട്.
രോഗബാധയ്ക്കു കാരണം അമ്പഴങ്ങയോ?
പതിനാലുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതാണ് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നത്. രോഗതീവ്രതയെക്കുറിച്ച് പലരും വേണ്ടത്ര ബോധവാന്മാരല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സാമൂഹികമാധ്യമങ്ങൾ വഴി ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ മരിച്ച പിതനാലുകാരന് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമായില്ലന്ന് മന്ത്രി വീണാ ജോര്‍ജ്.
സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം അവര്‍ക്കൊപ്പം പോയ സ്ഥലങ്ങള്‍ പരിശോധിച്ചു. ഇവര്‍ അമ്പഴങ്ങ കഴിച്ച ഇടവും പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സന്നിധ്യവുമുണ്ട്.
എങ്കിലും അമ്പഴങ്ങ കഴിച്ചതിലൂടെയാണ് രോഗബാധയുണ്ടായതെന്ന് ഉറപ്പിക്കാനായിട്ടില്ല. തിങ്കളാഴ്ച കൂടുതല്‍ പരിശോധനയിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
#Concern #over #Nipah #Source #14year #old's #infection #unconfirmed #High #alert #Malappuram