ഉദുമ : (truevisionnews.com) അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച ശേഷം അപകടസ്ഥലത്ത് തിരിച്ചെത്തിയ ആളെ കാറിടിച്ചു. അപകടമുണ്ടാക്കിയ ശേഷം നിർത്താത പോയ കാർ പോലീസ് സംഘം പിന്തുടർന്ന് പിടിച്ചു.

ഉദുമ അച്ചേരി ഉമേശ് ക്ലബിന് സമീപത്തെ വിനോദ് (45) ആണ് ചികിത്സയിലുള്ളത്. ഉദുമയിലെ അബ്ദുള്ള സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറുമായി ഞായറാഴ്ച രാത്രി എട്ടോടെ കളനാട് റെയിൽവേ മേൽപ്പാലത്തിന് സമീപം കൂട്ടിയിടിച്ചിരുന്നു.
ഉമേശ് ക്ലബിന് സമീപമുണ്ടായിരുന്ന സുകുമാരനും വിനോദും ചേർന്ന് അപകടത്തിൽ പരിക്കേറ്റ അബ്ദുള്ളയെ(52) ഉദുമ സ്പെഷ്യാലിറ്റി നഴ്സിങ് ഹോമിൽ എത്തിച്ചു.
അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മേൽപ്പറമ്പ് പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കാൻ ഇരുവരും നഴ്സിങ് ഹോമിൽനിന്ന് അപകടസ്ഥലത്തേക്ക് തിരികെയെത്തി റോഡ് മുറിച്ചുകടക്കുമ്പോൾ കാസർകോട് ഭാഗത്ത് നിന്നെത്തിയ കാർ വിനോദിനെ ഇടിച്ചിട്ട ശേഷം പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മേൽപറമ്പ് പോലീസ് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പല്ല് പൊഴിഞ്ഞ വിനോദ് ചെർക്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്.
#accident #victim #injured #car #collision #returning #hospital
