ബത്തേരി: (www.truevisionnews.com) വയനാട് പുൽപള്ളിക്ക് സമീപം ചീയമ്പത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് സർക്കാർ 16 ലക്ഷം രൂപ ധനസഹായം നൽകും.
കെഎസ്ഇബി 10 ലക്ഷവും റവന്യൂ വകുപ്പ് 4 ലക്ഷവും പട്ടിക വർഗ വകുപ്പ് 2 ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നൽകുക.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണു ചീയമ്പം 73 കോളനി സ്വദേശിയായ സുധൻ (32) വയലിലൂടെ നടന്നുവരുന്നതിനിടെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
ബത്തേരി താലൂക്ക് ആശുപത്രിയിൽ സുധന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയെങ്കിലും, നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കാൻ തയാറല്ലെന്ന് ബന്ധുക്കൾ അറിയിക്കുകയായിരുന്നു.
ഇതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയുടെ മുൻപിൽ പ്രതിഷേധ സമരം ആരംഭിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്‌ടറിന്റെയും തഹസിൽദാറുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണു സുധന്റെ കുടുംബത്തിന് ധനസഹായം നൽകാൻ വിവിധ വകുപ്പുകൾ തീരുമാനിച്ചത്.
സുധന്റെ ഭാര്യയ്ക്കു ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് ശുപാർശ നൽകുമെന്നു തഹസിൽദാരും അറിയിച്ചു.
ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായത്.
#tragic #death #wayanad #construction #worker #government #announces #rs16lakh #compensation