മലപ്പുറം: ( www.truevisionnews.com ) മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്ന് പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.
പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.
മലേറിയ ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്.
പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്. കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.
വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
#malaria #confirmed #4 #person #malappuram #district #kerala