മലപ്പുറം : (truevisionnews.com) ഒഴിവു സമയങ്ങളിൽ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ മുഹമ്മദ് മൻസൂറിനൊരു ഹോബിയുണ്ട്. കാണാകാഴ്ചകൾ തേടി കടൽ കടന്നും യാത്രതിരിക്കും.
പുതിയ അനുഭവങ്ങളുമായി തിരിച്ചുവരും. അതുപോലെ 2021 ഒക്ടോബറിൽ ഈജിപ്തിലേക്ക് (അറബിയിൽ മിസ്ർ) യാത്ര നടത്തി. ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു ഈ യാത്ര.
ഈജിപ്ഷ്യൻ സ്വദേശിനിയായ ഉംനിയയെ കണ്ടുമുട്ടാനും പ്രണയം മൊട്ടിടാനും ജീവിത പങ്കാളിയാക്കാനും ഈ യാത്ര നിമിത്തമായി.
കഴിഞ്ഞ ദിവസം അലക്‌സാൻഡ്രിയ സ്മൗഹ അലി ബിൻ അബി ത്വാലിബ് പള്ളിയിൽ മുഹമ്മദ് മൻസൂറിന്‍റെയും ഉംനിയയുടെയും വിവാഹ ചടങ്ങുകൾ നടന്നു.
പുതുക്കൊള്ളി പള്ളാട്ടിൽ മുഹമ്മദ് എന്ന മാനുവിന്റെയും മണ്ണാർമലയിലെ ജുവൈരിയത്തിന്റെയും മകനാണ് മൻസൂർ. ഈജിപ്തിലെ അലക്‌സാൻഡ്രിയ ലാൻഡ് ഓഫ് സാസിൻ സെക്കൻഡ് റാംലിലെ ഇബ്രാഹിം അബ്ദുൽ ബാരി ഹസനന്റെയും സഈദയുടെയും മകളാണ് ഉംനിയ.
ദുബൈയിൽ ടെസോൾ ടെക്‌നോളജീസ് കമ്പനിയിൽ സെയിൽസ് ഓഫിസറായി ജോലി ചെയ്തുവരുകയാണ് മൻസൂർ. ഈജിപ്തിലെ ഒരു ലാബിൽ വെച്ചാണ് ഉംനിയയെ ആദ്യമായി കണ്ടുമുട്ടുന്നത്.
ഇത് പിന്നീട് സൗഹൃദമായി. തിരിച്ച് ദുബൈയിൽ എത്തിയിട്ടും ആശയവിനിമയം തുടർന്നു. ആറു മാസത്തിനുശേഷം ഉംനിയ തന്റെ പ്രണയം വീട്ടുകാരെ അറിയിച്ചു.
അവർ സമ്മതിച്ചതോടെ മൻസൂറും ഇക്കാര്യം തന്റെ മാതാപിതാക്കളോട് പറഞ്ഞു. ഈജിപ്തുകാരിയായ മരുമകളെ സ്വീകരിക്കാൻ മാതാപിതാക്കൾ സമ്മതം മൂളിയതോടെ 2022ൽ നിശ്ചയം നടന്നു.
രണ്ടു വർഷത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം വിവാഹം നടന്നത്. അടുത്ത ആഴ്ച ഈജിപ്തിൽ നിന്ന് യു എ ഇയിലേക്കു തിരിക്കും. മാതാപിതാക്കൾക്കു പുറമെ മൻസൂറിന്റെ സഹോദരികളായ ജസീന മോൾ, മുനീറ ജാസ്മിൻ എന്നിവരും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
#daughter #in #law #flashed #from #Egypt #Malappuram #turning #point #trip #Egypt #2021