ആലപ്പുഴ: ( www.truevisionnews.com ) മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയെ കൊലപ്പെടുത്താൻ മുമ്പ് ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലുമായി കലയുടെ ബന്ധു. കലയെ ക്വട്ടേഷൻ നൽകി കൊല്ലാൻ അവർ ഒരുങ്ങിയിട്ടുണ്ടെന്ന് ക്വട്ടേഷൻ ഏറ്റെടുത്തവർ തങ്ങളെ അറിയിച്ചിരുന്നതായി കലയുടെ മാതൃസഹോദരി പറഞ്ഞു.
'അനിലിന്റെ ബന്ധുക്കളാണ് കൃത്യം ചെയ്തിരിക്കുന്നത്. അന്യജാതിയിൽപ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതിനാൽ അനിലിന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായിരുന്നു. അനിലിന്റെ അമ്മയ്ക്ക് കലയെ ഇഷ്ടമല്ലായിരുന്നു.
അനിലിന്റെ അച്ഛന് ഇഷ്ടമായിരുന്നു. ക്വട്ടേഷൻ ഏറ്റെടുത്തവർക്ക് കലയെ അറിയാമായിരുന്നതിനാൽ അവർ കൃത്യത്തിൽനിന്ന് പിന്മാറി. കലയെ ഞങ്ങൾ പെങ്ങളെ പോലെയാണ് കാണുന്നതെന്നും അവളെ കൊല്ലാൻ കഴിയില്ലെന്നും ക്വട്ടേഷൻ ഏറ്റെടുത്തവർ ഞങ്ങളോട് പറഞ്ഞു.
കലയെ കൊല്ലാൻ ക്വട്ടേഷൻ തന്നിട്ടുണ്ടെന്നും അതിനാൽ അവളെ ശ്രദ്ധിക്കണമെന്നും അവർ സൂചന നൽകി. ഞങ്ങൾ കൊന്നില്ലെങ്കിൽ കലയെ അവർ കൊല്ലുമെന്നും ക്വട്ടേഷൻ ഏറ്റെടുത്തവർ പറഞ്ഞിരുന്നു', കലയുടെ മാതൃസഹോദരി പറഞ്ഞു. കലയെ കൊല്ലാൻ ക്വട്ടേഷൻ തന്നത് ആരാണെന്ന് അവർ വ്യക്തമാക്കിയില്ല.
'ക്വട്ടേഷൻ ഏറ്റെടുത്ത രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. കാണാതായതുമുതൽ ഞാൻ പറയാറുണ്ട് കലയെ അവർ കൊന്നതാണെന്ന്. അച്ഛൻ മരിച്ചിട്ടുപോലും കല വന്നില്ല. മകനെ കാണാനെങ്കിലും വരുമായിരുന്നു. അപ്പോഴേ കല ജീവിച്ചിരിപ്പില്ലെന്ന് ഞാൻ പറഞ്ഞു', കലയുടെ മാതൃസഹോദരി കൂട്ടിച്ചേർത്തു.
കലയും സുനിലും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കലയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു. കല ആരുടേയോ കൂടെ ജീവിക്കുകയാണെന്നാണ് ഇത്രയും നാൾ കരുതിയതെന്നും അവർ പറഞ്ഞു.
#alappuzha #mannar #kala #missing #case #murder