ചാവക്കാട് (തൃശ്ശൂര്‍): ( www.truevisionnews.com )ഒരുമനയൂര്‍ മുത്തന്‍മാവ് ഇല്ലത്തെ പള്ളിക്കു മുന്‍വശത്തെ റോഡില്‍ സ്‌ഫോടനം നടത്തിയ സംഭവത്തിലെ പ്രതി കാളത്തോട് സ്വദേശി ചേക്കുവീട്ടില്‍ അബ്ദുള്‍ ഷെഫീഖ്(മസ്താന്‍-32) സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കാന്‍ പഠിച്ചത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സഹതടവുകാരില്‍നിന്നാണെന്ന് മൊഴി.
പിന്നീട് ഇത് സ്വന്തമായി ഉണ്ടാക്കി പരീക്ഷിച്ചതിനെത്തുടര്‍ന്ന് മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. ഒല്ലൂര്‍, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ സ്റ്റേഷനുകളിലും കേസുണ്ട്.
വധശ്രമം, വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, സ്‌ഫോടകവസ്തുനിര്‍മാണം, മോഷണം, ആക്രമണം തുടങ്ങി 15-നടുത്ത് കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2009 മുതല്‍ പ്രതിയായിട്ടുണ്ട്. ഒരുമനയൂരില്‍ സ്‌ഫോടനം നടത്തിയ കേസില്‍ ഷെഫീഖിനെ റിമാന്‍ഡ് ചെയ്തു.
നാലു മാസം മുന്‍പാണ് ഗുണ്ടില്‍ വെള്ളാരങ്കല്ലുകള്‍ നിറച്ച സ്‌ഫോടകവസ്തു ഇയാള്‍ നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു. നാലു മാസമായി ഇത് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതാണ് റോഡിലെറിഞ്ഞ് പൊട്ടിച്ചത്. കുഴല്‍പ്പണം കടത്തുന്നവരില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ഇത്തരത്തില്‍ സ്‌ഫോടനം നടത്തി ഇയാള്‍ മുന്‍പും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയുന്നു.
തന്നെ ആരെങ്കിലും ആക്രമിക്കാനെത്തുകയോ മറ്റോ ചെയ്താല്‍ ഉപയോഗിക്കാനാണ് സ്‌ഫോടകവസ്തു നിര്‍മിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ആളാണ് താനെന്ന് നാട്ടുകാര്‍ക്കു മുന്നില്‍ തെളിയിക്കാനാണ് സ്‌ഫോടനം നടത്തിയത്. ഇത്തരം സ്‌ഫോടകവസ്തു ആളുകള്‍ക്കിടയിലേക്ക് എറിഞ്ഞാല്‍ മരണം വരെ സംഭവിക്കാനിടയുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
സ്‌ഫോടകവസ്തുവില്‍നിന്ന് ചിതറിത്തെറിച്ച വെള്ളാരങ്കല്ലുകളും ചാക്ക്‌നൂലും തുണിക്കഷണങ്ങളും കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ശേഖരിച്ചിട്ടുണ്ട്.
സ്‌ഫോടകവസ്തു ഇയാള്‍ ആര്‍ക്കെങ്കിലും നിര്‍മിച്ചുനല്‍കിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായി എസ്.എച്ച്.ഒ. എ. പ്രതാപ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ചോദ്യംചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി.
#orumanayoor #blast #accused #arrested