ആലപ്പുഴ/ ഹരിപ്പാട് : (truevisionnews.com) 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ നടത്തിയ കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) വീണ്ടും രംഗത്ത്.
ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പഴയ സ്ഥലങ്ങളിൽത്തന്നെ മോഷണത്തിനിറങ്ങുകയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ കരുവാറ്റയിൽ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തി. നിരവധി വീടുകളിൽ മോഷണശ്രമങ്ങളും നടന്നു.
സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പക്കി സുബൈറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇയാളെ കണ്ടെത്താനാകുന്നില്ല. ദേശീയപാതയോരത്ത് ആർ.കെ.ജങ്ഷനിലെ കട കുത്തിത്തുറന്നു മോഷണം നടത്തിയത് കഴിഞ്ഞദിവസമാണ്.
അരണപ്പുറം ഭാഗത്ത് വീടുകളിൽ മോഷണശ്രമം നടത്തി. ആർ.കെ.ജങ്ഷനു കിഴക്കോട്ടുള്ള റോഡിലൂടെ രാത്രി വൈകി ഇയാൾ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മണിമംഗംലം ക്ഷേത്രത്തിനു കിഴക്കുള്ള വീടുകളിൽ ആ ദിവസം മോഷണശ്രമം നടന്നു. 2022-ൽ കരുവാറ്റയിലെ ഒരു വീട്ടിൽനിന്ന് ആറുഗ്രാമിന്റെ സ്വർണാഭരണം മോഷ്ടിച്ചിരുന്നു.
ഇതിനടുത്തുള്ള കടകളിലാണ് ഇത്തവണ മോഷണം നടത്തിയത്. അകംകുടി ബഥേൽ മാർത്തോമ്മ പള്ളി, സമീപത്തെ ക്ഷേത്രം എന്നിവിടങ്ങളിലും അന്നു പക്കി സുബൈർ മോഷണംനടത്തി.
ഒരു വീട്ടിൽനിന്ന് രണ്ടുഗ്രാമിന്റെ വളയും മോഷ്ടിച്ചു. ഇതിനു സമീപത്തുള്ള വീടുകളിൽത്തന്നെയാണ് ഇത്തവണയും മോഷണശ്രമം നടന്നിരിക്കുന്നത്.
രാത്രിയിൽ കൊല്ലത്ത്; പുലർച്ചെ ഹരിപ്പാട്ട്
രാത്രിയിലെ തീവണ്ടികളിൽ വന്നിറങ്ങി ട്രാക്കിലൂടെ നടന്നാണ് പക്കി സുബൈർ പ്രധാനമായും മോഷണം നടത്തുന്നത്. കൊല്ലമാണ് ഇയാളുടെ താവളം.
കഴിഞ്ഞദിവസം രാത്രി കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം ഇയാൾ മോഷണം നടത്തി. ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെത്തേടി ഇവിടെ വ്യാപകമായി തിരച്ചിൽ നടത്തുമ്പോഴായിരുന്നു കൊല്ലത്തെ മോഷണം.
എന്നാൽ, അതേദിവസം പുലർച്ചെ ഹരിപ്പാട്ടെത്തി ഇവിടെയും മോഷണം നടത്തി. ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്നതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ഇയാളെ കണ്ടെത്താൻ തടസ്സമാകാറുണ്ട്.
റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്തെ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കാൻ വിദഗ്ധനാണ്. മുൻപ് അകംകുടി ഭാഗത്ത് മോഷണം വ്യാപകമായപ്പോൾ ഹരിപ്പാട്ടെ പോലീസ് സംഘം ഇടപെട്ട് റെയിൽവേ ട്രാക്കിന് ഇരുവശത്തെയും കുറ്റിക്കാടുകൾ വെട്ടിമാറ്റിയിരുന്നു.
മോഷണം കഴിഞ്ഞാൽ കുളിച്ചുകുട്ടപ്പനാകും
മോഷണം കഴിഞ്ഞാൽ കുളിക്കുന്നത് പക്കി സുബൈറിന്റെ ശീലമാണെന്നു പോലീസ് പറയുന്നു. ഇത്തവണ ഹരിപ്പാട്ടും കരുവാറ്റയിലും മോഷണത്തിനുശേഷം ഇതേ ശീലം ആവർത്തിച്ചു.
കിണറ്റിൽനിന്ന് വെള്ളംകോരി കുളിക്കുന്നതാണു പതിവ്. അല്ലെങ്കിൽ വീടിനു പുറത്തെ കുളിമുറി ഉപയോഗിക്കും. പുലർച്ചെയാണ് കുളിയെന്നതിനാൽ വീട്ടുകാർ നല്ല ഉറക്കത്തിലായിരിക്കുമെന്നാണ് ഇതേപ്പറ്റി മുൻപ് പിടിയിലായപ്പോൾ ഇയാൾ പറഞ്ഞിരുന്നത്.
ഉറങ്ങാതെ പോലീസ് സംഘം ...
പക്കി സുബൈറിനെ കുടുക്കാൻ ഹരിപ്പാട് എസ്.എച്ച്.ഒ. കെ. അഭിലാഷ്‌കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥർ പല സംഘങ്ങളായി അന്വേഷണം നടത്തുകയാണ്. കൊല്ലം ഉൾപ്പെടെ മറ്റു ജില്ലകളിൽ പ്രതി മുൻപു നടത്തിയ മോഷണങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മാവേലിക്കര പോലീസാണ് രണ്ടുവർഷം മുൻപ് ഇയാളെ പിടിച്ചത്. രാത്രി മോഷണം നടത്തുന്ന ഇയാൾ പകൽസമയം ബസ്സിലും തീവണ്ടിയിലുമായി യാത്രചെയ്യുകയാണ് പതിവ്. സ്ഥിരമായി ഒരിടത്തും തങ്ങാറില്ല.
#Pakisubair #native #Kollam #Sooranad #who #involved #series #thefts #back #scene.