പൈനാവ് ( ഇടുക്കി ) : ( www.truevisionnews.com ) ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ചു തീകൊളുത്തിയ വയോധിക മരിച്ചു. പൈനാവ് 56 കോളനിയിൽ കൊച്ചുമലയിൽ അന്നക്കുട്ടി (62) ആണു മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേയാണ് മരണം. കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് ഫൽഗുനന് (54) ആണ് അന്നക്കുട്ടിയെയും രണ്ടര വയസ്സുകാരിയെയും പെട്രോളൊഴിച്ചു കത്തിച്ച് കൊല്ലാൻ ശ്രമിച്ചത്.
സന്തോഷിനെ പൊലീസ് സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. പരുക്കേറ്റ അന്നക്കുട്ടിയുടെ മകൻ ലിൻസിന്റെ രണ്ടര വയസുള്ള മകൾ ലിയ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്നക്കുട്ടിയുടെ മരണത്തോടെ സന്തോഷിന്റെ പേരിൽ നരഹത്യാക്കുറ്റം കൂടി ചുമത്തും. ജൂൺ 5നാണ് അന്നക്കുട്ടിയെയും ലിയയെയും സന്തോഷ് ആക്രമിച്ചത്.
സന്തോഷിന്റെ ഭാര്യയും അന്നക്കുട്ടിയുടെ മകളുമായ പ്രിൻസി വിദേശത്ത് ജോലിക്കു പോയതും വിവാഹമോചനം ആവശ്യപ്പെട്ടതുമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
അന്നക്കുട്ടിയുടെ നിർദേശപ്രകാരമാണു പ്രിൻസി വിദേശത്തുപോയതെന്നാരോപിച്ചായിരുന്നു ആക്രമണം. പ്രിൻസിയുടെ മുഴുവൻ ശമ്പളവും നൽകണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് വഴക്കുണ്ടാക്കിയിരുന്നു.
അന്നക്കുട്ടിയെയും ലിയയെയും ആക്രമിച്ചശേഷം തമിഴ്നാട്ടിലേക്ക് ഒളിവിൽപ്പോയ സന്തോഷ് ദിവസങ്ങൾക്കുശേഷം തിരികെയെത്തി അന്നക്കുട്ടിയും ലിൻസും താമസിച്ചിരുന്ന വാടകവീടിന് തീയിട്ടിരുന്നു. തുടർന്ന് ബൈക്കിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുന്തൽ ചെക്ക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടഞ്ഞുവച്ച് ഇടുക്കി പൊലീസിന് കൈമാറുകയായിരുന്നു.
#woman #died #son #law #poured #petrol #set #fire