ചെന്നിത്തല : (truevisionnews.com) ഒരിപ്രം കാർത്തികയിൽ രാജേഷി (50) ന്റെ കൊലപാതകത്തിൽ വനിതാസുഹൃത്തായ സ്മിത അറസ്റ്റിലായതിന്റെ അമ്പരപ്പിൽ നാട്ടുകാർ.
ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയായിരുന്നു രാജേഷിന്റെ മരണാനന്തരചടങ്ങുകളിൽ സ്മിതയുടെ പെരുമാറ്റം. രാജേഷിന്റെ സുഹൃത്ത് എന്നനിലയിൽ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കൾക്ക് അറിയാമായിരുന്നു.
ഇങ്ങനെയൊരു ചതി സ്മിതയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഇവരും കരുതിയില്ല. ആരോ ഫോണിൽ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താൻ അറിഞ്ഞതെന്നാണ് സ്മിത രാജേഷിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
രാജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയതുമുതൽ സംസ്കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങിയവരോടൊപ്പവും മൃതദേഹത്തോടൊപ്പം ആംബുലൻസിലും സ്മിതയുണ്ടായിരുന്നു.
രാജേഷിന്റെ ബന്ധുക്കളോട് താൻ മൃതദേഹത്തിൽ കോടിസമർപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്നും സ്മിത തിരക്കിയിരുന്നു. രാജേഷും സ്മിതയും തമ്മിലുള്ള അടുപ്പത്തിന് പത്തുവർഷത്തിനടുത്ത് പഴക്കമുണ്ടെന്ന് രാജേഷിന്റെ ബന്ധുക്കൾ പറയുന്നു.
രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവർഷം മുൻപ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതിൽ ഒരു ആൺകുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു.
ഈ കുട്ടിയുമായി സ്മിതയ്ക്ക് നല്ല അടുപ്പമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അടുത്തകാലത്ത് രാജേഷ് ആശുപത്രിയിലായിരുന്ന സമയത്തൊക്കെ പരിചരിച്ചിരുന്നത് സ്മിതയായിരുന്നു.
ഇവർ ഒരുമിച്ച് നടത്തിയിരുന്ന വിവാഹബ്യൂറോവഴി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് തെന്മല പോലീസിൽ ഉണ്ടായിരുന്ന കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മാവേലിക്കര മിച്ചല്‍ ജങ്ഷന് വടക്ക് ഭാഗത്തുള്ള ട്രാവന്‍കൂര്‍ റീജിയന്‍സി ബാറിന് എതിര്‍വശത്തായി യൂനിയന്‍ ബാങ്കിന്റെ മുമ്പില്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേഷ് ചങ്ങനാശ്ശേരിയില്‍ നടത്തിയിരുന്ന മാര്യേജ് ബ്യൂറോ ഇപ്പോള്‍ സ്മിതയാണ് നടത്തുന്നത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് രാജേഷും സ്മിതയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.
തര്‍ക്കത്തെ തുടര്‍ന്ന് രാജേഷ് സ്മിതയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വിരോധത്തില്‍ സുഹൃത്തുക്കളോട് രാജേഷിനെ മര്‍ദ്ദിക്കാന്‍ സ്മിത നിര്‍ദേശം നല്‍കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവല്ല കവിയൂര്‍ ആഞ്ഞലിത്താനം ചെമ്പകശേരില്‍ വീട്ടില്‍ സ്മിത കെ. രാജ് (42), പത്തനംതിട്ട മെഴുവേലി നെടിയകാല സനു നിവാസില്‍ സനു സജീവന് (27), ചെന്നിത്തല കാരാഴ്മ മനാതിയില്‍ വീട്ടില്‍ ബിജുകുമാര്‍ (39) എന്നിവരാണ് റിമാന്റിലായത്.
പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഡിവൈ.എസ്.പി കെ.എന്‍. രാജേഷ്, മാവേലിക്കര പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ബിജോയ്, എ.എസ്.ഐ പി.കെ. റിയാസ്, എ.എസ്.ഐ സജുമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, സജന്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, ശ്രീജിത്ത്, അരുണ്‍ ഭാസ്കര്‍, അനന്തമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
#10 #years #intimacy #Woman #friend #arrested #50year #old's #murder #locals #stunned