നെടുങ്കണ്ടം: ( www.truevisionnews.com ) പനി ബാധിച്ച് മരുന്നിനെത്തിയ വിദ്യാർഥിക്ക് കുത്തിവെപ്പെടുത്ത നഴ്സിന്റെ പിഴവുമൂലം കുത്തിവെച്ച ഭാഗം പഴുക്കുകയും പിന്നീട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തേണ്ടതായി വന്നതായും പരാതി. പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ പരിചരണത്തിൽ വീഴ്ചയുണ്ടായതായി ആക്ഷേപം ഉയരുന്നത്.
സന്യാസിയോട പുത്തൻപീടികയിൽ അബ്ദുൾ നജീമാണ് ഇതുസംബന്ധിച്ച് ഡി.എം.ഒക്ക് പരാതി നൽകിയത്. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് വിദ്യാർഥിക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഉൾപ്പെടെ രക്ഷിതാക്കൾ പരാതി നൽകി. ഈമാസം അഞ്ചിന് കഠിനമായ പനിയെ തുടർന്നാണ് സ്കൂളിന്റെ സമീപമുള്ള മുണ്ടിയെരുമ ഗവ. ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയത്.
കുത്തിവെപ്പ് എടുത്ത ഭാഗം പഴുത്തതിനാൽ 10ാം തീയതി ഇതേ ആശുപത്രിയിൽ ചികിത്സക്കായി ചെല്ലുകയും നഴ്സിനോട് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ, ഒരുപാട് രോഗികൾ വരുന്ന ആശുപത്രിയാണിതെന്നും ഇതിൽ കൂടുതലായി പരിചരിക്കാൻ കഴിയില്ലെന്നും നഴ്സ് മറുപടി നൽകിയതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പഴുപ്പ് നീക്കം ചെയ്യാൻ സർജറി അടക്കം ചെയ്യുകയും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലുമാണ്.
#nedumkandam #medical #negligence