കൊച്ചി: ( www.truevisionnews.com ) സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ വഴക്കിൽ പതിനാറുകാരനെ തട്ടികൊണ്ടുപോയി ഉപദ്രവിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം ചെറായി സ്വദേശികളായ ജിതിൻ (35), ജിജു(43), ഹരിശങ്കർ (26) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായതോടെ ഇരുവരും പഠിക്കുന്ന സ്കൂളിൽ മാതാപിതാക്കൾ അധ്യാപകരുടെ സാന്നിധ്യത്തിൽ സംസാരിച്ചെങ്കിലും ഒത്തു തീർപ്പായില്ല. ഇതിന് പിന്നാലെ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയുമായിരുന്നു.
പ്രതികൾ കുട്ടിയെ ഫോണിൽ വിളിക്കുകയും വീട്ടിൽ കയറി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി പറയാട് ഭാഗത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.
തുടർന്ന് കുട്ടിയെ ബലംപ്രയോഗിച്ച് കാറിലേക്ക് വലിച്ചുകയറ്റി ചെറായി പാടം ഭാഗത്തേക്ക് കൊണ്ടുപോയി. കാറിൽവെച്ച് കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും സ്കൂളിൽനിന്ന് ടി.സി. വാങ്ങി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ് വടക്കേക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ പ്രതികൾക്കൊപ്പം കുട്ടിയെ കണ്ടെത്തി. തുടർന്ന് പ്രതികളെയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇന്നോവ കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ വടക്കേക്കര ഇൻസ്പെക്ടർ കെ. ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ പി.കെ വിനോദ്, വി.എം റസാഖ്, ടി.എസ് ഗിരീഷ്, അഭിലാഷ്, ജയകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർരായ പി.ഡി പ്രവീൺദാസ്, പി.ബി ശ്രീകാന്ത്, സേതുനാഥ്, അനീഷ് കുമാർ, നവീൻ സി ജോൺ, ജിനുമോൻ എന്നിവരുണ്ടായിരുന്നു.
#quarrels #among #school #children #16 #year #old #kidnapped #beaten