ഇടുക്കി: (truevisionnews.com) ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഹൃദ്രോഗം കണ്ടെത്തിയ അറുപത്തിനാലുകാരിയെ വാഹനത്തിൽ എത്തിക്കുന്നതിനായി ചുമന്നത് 10 കിലോമീറ്റർ.
പരപ്പയാർകുടിയിലെ ചിലമ്പായിയെയാണ് (64) ചികിത്സ നൽകുന്നതിനായി കാട്ടുവഴിയിലൂടെ 10 കിലോമീറ്റർ ചുമന്ന് കേപ്പക്കാട് എത്തിച്ചത്.
വലിയ മരക്കമ്പിൽ തുണി മഞ്ചൽ കെട്ടിയാണ് രോഗിയെ പ്രദേശവാസികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചുമന്നത്.
കേപ്പക്കാട് നിന്ന് ജീപ്പിൽ പെട്ടിമുടിയിൽ എത്തിച്ച ശേഷം രോഗിയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപത്തിയഞ്ചോളം പേർ ദൗത്യത്തിലുണ്ടായിരുന്നു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.സഖിൽ രവീന്ദ്രൻ, സുനിൽകുമാർ, മഹേന്ദർ, രഞ്ജിത്ത്, മുഹമ്മദ്, വനം വകുപ്പ് വാച്ചർ മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് രോഗിയെ പെട്ടിമുടിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചിലമ്പായിയെയും ചുമന്ന് യാത്ര ആരംഭിച്ചത്.
#elderly #woman #carried #10km #hospital