കൊല്ലം: ( www.truevisionnews.com ) അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി മനോജ് ഉപയോഗിച്ചത്. കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയുടെ ഭാഗമായുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മന്ത്രി കെ രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പുതുതായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരത്തെ തന്നെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ടില്‍ മാറ്റമില്ല.
മലപ്പുറം, വായനാട് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടാണ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രം അറിയിച്ചു. ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചതായും കേന്ദ്രം അറിയിച്ചു.
#youth #died #electric #shock #kollam