തൊടുപുഴ: ( www.truevisionnews.com ) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മുസ്‌ലിം ഏകോപന സമിതി മുൻ സംസ്ഥാന ചെയർമാനുമായ കാഞ്ഞാർ അബ്ദുറസാഖ് മൗലവി (73) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുൻ സെൻട്രൽ കൗൺസിൽ അംഗമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
മുസ്‌ലിം അവകാശ സംരക്ഷ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായ റസാഖ് മൗലവി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തൊടുപുഴ താലൂക്ക് ട്രഷർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. സാമുദായിക- സാമൂഹിക തലങ്ങളിൽ വിവിധ തരത്തിലുള്ള നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയാണ്.
മത പ്രഭാഷകൻ, മികച്ച സംഘാടകൻ എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ചു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കുടയത്തൂർ ജുമാ മസ്ജിദിൽ നടക്കും. കാഞ്ഞാറിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം തമിഴ്നാട്ടിലെ തൃഷ്ണാപ്പള്ളിയിൽ മതപഠനം പൂർത്തിയാക്കി.
മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ്, ഈരാറ്റുപേട്ട ജുമാ മസ്ജിദ്, മങ്ങാട് ജുമാ മസ്ജിദ്, മാറാടി ജുമാ മസ്ജിദ്, എറണാകുളം കോമ്പാറ ജുമാ മസ്ജിദ്, പന്തളം കടക്കാട് ജുമാ മസ്ജിദ്, കാരാളികോണം ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായും ഇമാമായും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ഫസിയ ബീവി. മക്കൾ: ജലാലുദ്ദീൻ (കച്ചവടം), ജമാലുദ്ദീൻ മൗലവി അൽ ഹസനി കാസിമി (പത്തനാപുരം കുണ്ടയം ജുമാ മസ്ജിദ് ചീഫ് ഇമാം), മുഹമ്മദ് സലീം മൗലവി അൽ ഹസനി കാസിമി (ചീഫ് ഇമാം തിരുവനന്തപുരം പേയാട് ജുമാ മസ്ജിദ് ), മുഹമ്മദ് അഷ്റഫ് മൗലവി അൽ ഹസനി ഖാസിമി (തൊടുപുഴ മങ്ങാട്ടുകവല ജുമാ മസ്ജിദ്), സൗദ ബീവി. മരുമക്കൾ: ഇസ്മായിൽ മൗലവി അൽ ഹസനി ബാഖവി (ഇമാം പെരുമ്പാവൂർ ടൗൺ ജുമാ മസ്ജിദ് ), നിസാമോൾ, അൻസൽന, ഖദീജ, റാബിയ.
#islamic #scholar #kanjar #abdul #razaq #maulavi #passed #away