പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം.
തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.
പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം.
എന്നാൽ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നിട്ടും എന്താണ് കാരണം എന്ന് മനസിലായിരുന്നില്ല.
സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. കുത്തിവെപ്പെടുക്കാൻ സബ് സെന്ററിൽ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു.
ഇത് സംശയത്തിന് കാരണമായി. ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി.
പങ്കജവല്ലിയമ്മയ്ക്ക് മറ്റ് രണ്ട് പശുക്കൾ കൂടെയുണ്ട്. ഇവയ്ക്ക് അരളി ചെടിയുടെ ഇല കൊടുത്തിരുന്നില്ല. അതിനാൽ തന്നെ ഇവയ്ക്ക് ദഹനക്കേടോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായില്ല.
#cow #calf #died #after #eating #leaves #Arali #plant