പത്തനംതിട്ട: (truevisionnews.com) ബന്ധുവെന്ന് ഭാവിച്ച് വയോധികന്റെ കൈയിൽനിന്ന് പെൻഷൻ പണമായ 20,000രൂപ തട്ടിയയാളെ പോലീസ് പിടികൂടി.
കൊല്ലം എഴുകോൺ ചീരങ്കാവ് സ്വദേശി ഇരുട്ടു രാജീവ് (42) ആണ് പോലീസ് പിടിയിലായത്. മൈലപ്ര പടിഞ്ഞാറേ മുറിയിൽ പി.ജി. വർഗീസിന്റെ (78) പണവുമായാണ് ഇയാൾ കടന്നത്. വ്യാഴാഴ്ച രാവിലെ പെൻഷൻ എടുക്കുന്നതിനായി പത്തനംതിട്ട ജില്ലാ ട്രഷറിയിൽ എത്തിയ വർഗീസ് പെൻഷൻ തുക എടുത്ത ശേഷം കുന്പഴയിലെത്തി കെ.എസ്.ഇ.ബി. ഒാഫീസിൽ ബിൽ അടച്ചു.
തുടർന്ന് വെട്ടൂരേക്കുള്ള റോഡിലൂടെ നടന്നുപോകുകയായിരുന്ന വർഗീസിനോട്, രാജീവ് ബന്ധുവാണെന്നുള്ള രീതിയിൽ സംസാരിച്ച് അടുത്തുകൂടി. ഇവർ ഒരുമിച്ച് കുറച്ചുദൂരം നടന്ന് ഒരു മീൻകടയിലെത്തി മീൻവാങ്ങി.
രാജീവിനുംകൂടിയുള്ള മീനിന്റെ പണം വർഗീസ് നൽകി. എന്നാൽ, ഈ തുക രാജീവ് തിരിച്ചുനൽകി. വർഗീസിന്റെ കൈവശം പെൻഷൻ തുക ഉണ്ടെന്നും അതിൽ ഇരുനൂറിന്റെ നോട്ടുകൾ ഉണ്ടെന്നും മനസ്സിലാക്കിയ രാജീവ്, ചില്ലറ തരാൻ പറ്റുമോ എന്ന് ചോദിച്ചു.
പണം ബാഗിൽനിന്നെടുത്ത് വർഗീസ് എണ്ണിക്കൊണ്ടിരുന്നപ്പോൾ, താൻ വേഗം എണ്ണിയെടുക്കാമെന്ന് പറഞ്ഞ് 20,000 രൂപയും രാജീവ് കൈക്കലാക്കി.
കടയുടെ അടുത്തുനിന്ന് അല്പം മാറിയശേഷമായിരുന്നു ഇത്. പണം വാങ്ങിയശേഷം വർഗീസിനെ കുടിവെള്ളം വാങ്ങുന്നതിനായി രാജീവ് തൊട്ടടുത്ത കടയിലേക്ക് പറഞ്ഞുവിട്ടു.
വെള്ളം വാങ്ങി തിരിച്ചെത്തിയപ്പോഴാണ് പണവുമായി അയാൾ മുങ്ങിയ കാര്യം മനസ്സിലാക്കുന്നത്. വർഗീസ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലും എസ്.പി.ക്കും പരാതി നൽകി.
പോലീസ് മീൻകടയിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ ശനിയാഴ്ച 10 മണിയോടെ കൊല്ലത്തെ വീട്ടിൽനിന്ന് പിടികൂടി.
തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൈലപ്ര എസ്.എച്ച്. സ്കൂളിൽനിന്ന് ക്ലാർക്കായി വിരമിച്ചയാളാണ് വർഗീസ്.
#Man #arrested #stealing #Rs20,000 #from #pension #oldman #pretending his #relative