മലപ്പുറം: (truevisionnews.com) കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ച ദിവസമായതിനാല്‍ ഇസ്ലാം മത വിശ്വാസികള്‍ ജുമുഅ നമസ്‌കാരത്തിന്റെ ഭാഗമായി വോട്ട് നഷ്ടപ്പെടുത്തരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍.
ഇസ്ലാം മത വിശ്വാസികള്‍ക്ക് ജുമുഅയും ഏറെ പ്രധാനമായതായത് കൊണ്ട് വോട്ടെടുപ്പിന് വേണ്ടി ജുമുഅ പ്രാര്‍ത്ഥനയും ജുമുഅ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി വോട്ടും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഉറപ്പു വരുത്താന്‍ നമുക്ക് ബാധ്യതയുണ്ട് എന്നാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ എഴുതിയത്.
ധാരാളം മഹല്ലുകള്‍ ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്‍ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അങ്ങനെയാകുമ്പോള്‍ ആര്‍ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ജുമുഅ നമസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് വേണ്ടി ജുമുഅ നമസ്‌കാരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോലും കുഴപ്പമില്ലെന്നാണ് നേരത്തെ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി പ്രതികരിച്ചത്.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനായി വോട്ടു ചെയ്യേണ്ടത് അത്രയ്ക്ക് അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ വിവിധ മഹല്ലുകള്‍ പരസ്പര സഹകരണത്തോടെ ജുമുഅ നമസ്‌കാരം ക്രമീകരിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.
മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സഹോദരങ്ങളെ, ജനാധിപത്യ വിശ്വാസികളെ...
വെള്ളിയാഴ്ച ദിവസമാണ് നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആസന്നമായ തെരഞ്ഞെടുപ്പ് ഏതൊരു ജനാധിപത്യ മതേതര വിശ്വാസിക്കും ഏറെ ഉത്തരവാദിത്തം നിറഞ്ഞതാണ് എന്ന് നാം മനസ്സിലാക്കുന്നവരാണല്ലോ.
ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുക എന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുക എന്നതാണ് പൗരന്മാരെന്ന നിലയ്ക്ക് നമുക്ക് നിര്‍വഹിക്കാനുള്ള പ്രധാന കടമ.
അതോടൊപ്പം ഇസ്ലാം മത വിശ്വാസികള്‍ക്ക് ജുമുഅയും ഏറെ പ്രധാനമായതായത് കൊണ്ട് വോട്ടെടുപ്പിന് വേണ്ടി ജുമുഅ പ്രാര്‍ത്ഥനയും ജുമുഅ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി വോട്ടും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഉറപ്പു വരുത്താന്‍ നമുക്ക് ബാധ്യതയുണ്ട്.
ധാരാളം മഹല്ലുകള്‍ ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്‍ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.
അങ്ങനെയാകുമ്പോള്‍ ആര്‍ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്‍ സാധിക്കും. മറ്റു മഹല്ലുകളും ഈ മാതൃക പിന്തുടര്‍ന്ന് സമാനമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്പരം സാഹോദര്യം നില നിറുത്താനും ഒപ്പം നിര്‍ണ്ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതര ചേരിയുടെ വോട്ടുകള്‍ ഭിന്നിക്കാതെ, നഷ്ടപ്പെടുത്താതെ നോക്കാനും ഇതിലൂടെ നമുക്ക് സാധിക്കും.
#Must #follow #schedule #don't #lose #vote #Jumu'ah #MunavvaraliShihabThangal