#beaten | 'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

#beaten |  'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി
Apr 19, 2024 01:38 PM | By Athira V

കോട്ടയം: ( www.truevisionnews.com ) സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചതായി കോട്ടയം ലോക്‌സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കല്‍.

രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ് ആരോപിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്.

ഒരു കള്ളനെപോലെ കോളറില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയിൽ പൊട്ടിക്കരഞ്ഞു. ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാര്‍ട്ടിക്കാരനുമല്ല. ഞാനൊരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാര്‍ഥി മാത്രമാണ്.

അദ്ദേഹത്തെ കാണാന്‍ അവിടെ പോയപ്പോള്‍ അവിടെനിന്ന പോലീസുകാരോട് വോട്ടുചോദിക്കുകയും വോട്ട് ചോദിച്ചുകഴിഞ്ഞപ്പോള്‍ കയര്‍ത്ത് സംസാരിക്കുകയും ഇവിടെനിന്ന് വോട്ടുചോദിക്കാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു.

കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടും അത് വകവെച്ചില്ലെന്നും സന്തോഷ് ആരോപിക്കുന്നു.

പ്രോട്ടോകോള്‍ വരെ ലംഘിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഒരു ക്രിമിനലിനെ കൊണ്ടുപോകുന്നതുപോലെ കോളറില്‍ പിടിച്ച് ജീപ്പിലിടിച്ച് കയറ്റുകയും ജീപ്പില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തു.

അത് വളരെ സങ്കടമുണ്ടാക്കി. ഒരു സ്ഥാനാര്‍ഥിയെ സംരക്ഷിക്കേണ്ടവര്‍ ആരുടേയോ ആജ്ഞാനുവര്‍ത്തികളായി നിൽക്കുകയാണ്. സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടും അത് ഗൗനിക്കാതെ, നിന്നെ കാണാന്‍ സ്ഥാനാര്‍ഥിയുടെ ലുക്കൊന്നുമില്ലെന്ന് പറഞ്ഞു. കവിളിന് എസ്‌ഐ അടിക്കുകയും കുറേ പോലീസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു, സന്തോഷ് പറഞ്ഞു.

സ്റ്റേഷനില്‍വെച്ച് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചപ്പോഴാണ് താന്‍ സ്ഥാനാര്‍ഥിയാണെന്ന് പോലീസിന് ബോധ്യമായത്. അതിന് മുമ്പ് ക്രമിനലുകളോടെന്നുതുപോലെ ചോദ്യം ചെയ്‌തെന്നും മാനസികമായി പീഡിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് ഇനി സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്നും സമൂഹത്തില്‍ നന്മകള്‍ ചെയ്തതിന്റെ പേരിലാണ് തനിക്ക് ഈ അവഗണനകള്‍ മുഴുവനെന്നും സന്തോഷ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സന്തോഷ്. വൈകാതെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.



#independent #candidate #kottayam #says #police #beat

Next TV

Related Stories
Top Stories