ഗുരുവായൂർ: (truevisionnews.com) ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്ന് 11,800 രൂപ കവർന്നയാളെ പിടികൂടി.
തൃശ്ശൂർ ചാഴൂർ തെക്കിനിയേടത്ത് സന്തോഷ് കുമാറാണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച തുക കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ക്ഷേത്രം നാലമ്പലത്തിൽ ഗണപതി ക്ഷേത്രത്തിനു മുന്നിൽ വെച്ചിരുന്ന ഉരുളിയിൽ നിന്നാണ് പണം കവർന്നത്. തിരക്കുള്ള സമയത്തായിരുന്നു കവർച്ച.
ഗണപതി ക്ഷേത്രത്തിനു മുന്നിൽ തൊഴുതു നിൽക്കുന്നുവെന്ന വ്യാജേന അല്പനേരം നിന്നശേഷം എതിർവശത്തെ സരസ്വതി മണ്ഡപത്തിനുമുന്നിലുള്ള ഉരുളിയിൽ നിന്ന് പണമെടുത്ത് നീങ്ങുകയായിരുന്നു.
തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥർ മോഷ്ടാവിനെ കൈയോടെ പിടിച്ച് പോലീസിൽ ഏല്പിക്കുകയായിരുന്നു.
ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷൻ എസ്.ഐ. കെ. ഗിരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ 18 ഓളം മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#Money #stolen #from #Guruvayur #temple #Accused #custody