കണ്ണൂർ: ( www.truevisionnews.com ) എലി, പാമ്പ്, കടലാസ് ബോംബ്... ഇതിലൊന്നും പേടിക്കാത്ത തീവണ്ടി യാത്രക്കാർ എ.സി. കോച്ചിനുള്ളിൽ പേടിച്ചുവിയർത്തു. ഉടമസ്ഥനില്ലാത്ത ബാഗിലെ ‘കൂടോത്ര’ സാധനങ്ങളാണ് അവരെ പേടിപ്പിച്ചത്.

കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിലായിരുന്നു സംഭവം. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട വണ്ടിയിലെ ഒരു കോച്ചിൽ മണിക്കൂറുകളോളം ആളില്ലാതെ കിടന്ന ഒരു ബാഗ് തുറന്നപ്പോഴാണ് യാത്രക്കാർ ഞെട്ടിയത്.
രണ്ട് തേങ്ങ, കുങ്കുമം, ആൾരൂപം, രണ്ട് കുപ്പി മദ്യം തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ‘കൂടോത്ര’ സാധനങ്ങളാണെന്ന വാർത്ത മറ്റ് കോച്ചുകളിലേക്കും പരന്നു. വണ്ടി പാലക്കാട് എത്തിയപ്പോൾ ബാഗ് നീക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. മാറ്റിയില്ല.
പലരും പരാതി നൽകുമെന്നായപ്പോൾ റെയിൽവേ അധികൃതർ സന്ദേശം നൽകി. എടുക്കാൻ ചെന്ന പോലീസും ഒന്നു പേടിച്ചു. ഒടുവിൽ ഷൊർണൂരിൽ സഞ്ചിയും സാധനങ്ങളും ഇറക്കി.
അതിനുശേഷമാണ് യാത്രക്കാർക്ക് ശ്വാസം നേരെവീണത്. സഞ്ചിയും സാമഗ്രികളും പുഴയിലോ മറ്റോ ഒഴുക്കാൻ പോലീസ് നിർദേശം നൽകി.
#blackmagic #things #coimbatore #hisar #train
