പോത്തൻകോട്: (truevisionnews.com) ചേങ്കോട്ടുകോണത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പരിചയക്കാരൻ ബിനു എത്തിയത് ആസൂത്രിതമായാണെന്നു പൊലീസ്.

കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്കൂട്ടറിലുണ്ടായിരുന്നത് ഇതിന്റെ സൂചനയാണ്. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു.
അക്രമത്തിലേക്കു നയിച്ച തർക്കമെന്തെന്ന അന്വേഷണത്തിലാണു പൊലീസ്. കിണറ്റിൽനിന്നു കയറ്റുന്നതിനിടെ ചിട്ടിപ്പൈസയുടെ കാര്യം ബിനു പറയുന്നുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണോ, മറ്റെന്തെങ്കിലുമാണോ എന്നാണു പൊലീസ് അന്വേഷിക്കുന്നത്.
ഇരുവരും അപകടനില തരണം ചെയ്തശേഷം മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. രാത്രി എട്ടരയ്ക്കു ശേഷം ചേങ്കോട്ടുകോണം ഗുരുദേവപുരം കുണ്ടയത്ത് മേലെവിള സൗമസൗധത്തിൽ സരിതയുടെ (46) നേർക്കാണ് പൗഡിക്കോണം ചെല്ലമംഗലം പ്ലാവില വീട്ടിൽ എസ്. ബിനു (50)വിന്റെ ആക്രമണമുണ്ടായത്.
സ്കൂട്ടർ നിർത്തി കയ്യിൽ കന്നാസുമായി എത്തിയ ബിനു വാക്കുതർക്കത്തിനുശേഷം പെട്രോൾ സരിതയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സരിത തടയുന്നതിനിടയിലാണു ബിനുവിന്റെ ദേഹത്തും പെട്രോൾ വീണു തീപിടിച്ചത്.
തീയണയ്ക്കാൻ ഇയാൾ തറയിൽ കിടന്നുരുണ്ടു. വെള്ളമുള്ള കിണറ്റിലേക്ക് എടുത്തുചാടിയത് തീയണയ്ക്കാനാണെന്നു പൊലീസ് പറയുന്നു. ഈ സമയം സരിതയുടെ ബിരുദ വിദ്യാർഥിയായ മകൾ വീട്ടിലുണ്ടായിരുന്നു.
മകളുടെ നിലവിളി കേട്ടാണ് അയൽക്കാരെത്തി സരിതയെ ആശുപത്രിയിലാക്കിയത്. ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്കൂളിലെ ആയയെന്ന നിലയിൽ കാലങ്ങളായി പരിചയമുള്ളവരാണ് ഇരുവരും.
#Attempt #kill #young #woman #setting #her #fire; #police #said #young #man's #arrival #planned
