രാജകുമാരി: (truevisionnews.com) ജൽ ജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്കായി ഇടുക്കി പൂപ്പാറ വില്ലേജ് ഓഫിസിന് സമീപം സൂക്ഷിച്ചിരുന്ന പൈപ്പുകൾ കത്തിനശിച്ചു.
രണ്ട് കോടിയിലധികം രൂപയുടെ പൈപ്പ് കത്തി നശിച്ചതായാണ് ജലവിഭവ വകുപ്പിന്റെ പ്രാഥമിക നിഗമനം. 130 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കാനുള്ള പൈപ്പുകൾ ഇവിടെ സൂക്ഷിച്ചിരുന്നു.
വൈകുന്നേരം അഞ്ചരയോടെയാണ് ഹൈ ഡെൻസിറ്റി പോളിത്തിലിൻ (എച്ച്ഡിപി) പൈപ്പുകളിൽ തീപടർന്നത്. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി 7.30നു തീയണച്ചു. ഭൂരിഭാഗം പൈപ്പുകളും കത്തി നശിച്ചു.
മണ്ണു മാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ലക്ഷങ്ങൾ വിലവരുന്ന പൈപ്പ് ഇവിടെ നിന്നും മാറ്റിയതായി ജലസേചന വകുപ്പ് കട്ടപ്പന ഡിവിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എങ്ങനെയാണ് ഇവിടെ തീ പടർന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
അട്ടിമറിയുള്ളതായി സംശയമുണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശാന്തൻപാറ ഗവ. കോളജ് നിർമിക്കുന്നതിനായി റവന്യു വകുപ്പ് വിട്ട് നൽകിയ ഭൂമിയിലാണ് പൈപ്പുകൾ സൂക്ഷിച്ചിരുന്നത്.
#Fire: #Pipes #kept #for #JalJeevanMission's #clean #water #supply #project #caught #fire