ന്യൂഡൽഹി: (truevisionnews.com) നോയ്ഡയിൽ കാണാതായ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പരാതി അന്വേഷിക്കാനെത്തിയ നോയ്ഡ പൊലീസാണ് കാണാതായ യാഷ് മിത്തലിന്റെ മൃതദേഹം കണ്ടെത്തിയത്.

നാലംഗ സുഹൃത്തുക്കൾ യാഷിനെ കൊലപ്പെടുത്തി മൃതദേഹം സമീപത്തെ പാടത്ത് സംസ്കരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നോയ്ഡ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥിയെ തിങ്കളാഴ്ചയാണ് ഹോസ്റ്റലിൽ നിന്ന് കാണാതായത്.
യാഷിന്റെ പിതാവ് ദീപക് മിത്തൽ ബിസിനസുകാരനാണ്. യാഷിനെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയക്കാൻ മോചനദ്രവ്യമായി ആറു കോടി രൂപവേണമെന്നുള്ള സന്ദേശങ്ങൾ മിത്തലിന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോളജ് കാംപസിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട് യാഷ് നടന്നുനീങ്ങുന്ന ദൃശ്യങ്ങളുണ്ട്. കാൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ അന്വേഷണം സുഹൃത്ത് റാഷിത്തിലേക്ക് നീണ്ടു.
സുഹൃത്തുക്കളായ ശിവം, സുശാന്ത്, ശുഭം, റാഷിത്ത് എന്നിവർക്കൊപ്പം യാഷ് പതിവായി കോളജിന് പുറത്തുപോകാറുണ്ടെന്ന് പൊലീസ് മനസിലാക്കി. സംഭവം നടന്ന ദിവസം നാലുപേരും യാഷിനെ യു.പിയിലെ അംറോഹയിലെ പാർട്ടിയിലേക്ക് ക്ഷണിച്ചു.
പാർട്ടിക്കിടെ നാലുപേരും തമ്മിൽ തർക്കമുണ്ടായി. അത് യാഷിന്റെ കൊലപാതകത്തിലെത്തി. അതിനു ശേഷം നാലുപേരും ചേർന്ന് മൃതദേഹം സമീപത്തെ പാടത്ത് സംസ്കരിക്കുകയും ചെയ്തു.
സംഭവ ശേഷം രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്. മൂന്നുപേരെ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ ശുഭത്തിനായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതെറ്റിക്കാനാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് യാഷിന്റെ പിതാവിന് സന്ദേശം അയച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
#Incident #where #missing #student #found #murdered; #Friends #arrested
