കൊച്ചി: www.truevisionnews.com സി.സി.ടി.വി. ക്യാമറയില്ലെങ്കില്‍ കേസുകള്‍ ഇക്കാലത്ത് തെളിയില്ലെന്ന അപഖ്യാതി തിരുത്തി കേരള പോലീസ്. വളരെ അവ്യക്തമായി റോഡില്‍ കണ്ടെത്തിയ രക്തക്കറയോടെയുള്ള ടയര്‍ പാടില്‍നിന്ന് പ്രതിയെ കണ്ടെത്തിയത് കൊച്ചി പോലീസാണ്.
കൊച്ചി കുണ്ടന്നൂരിലാണ് ഫെബ്രുവരി 13-ന് രാത്രി ഏഴരയോടെ അജ്ഞാതനെ അജ്ഞാതവണ്ടിയിടിച്ചെന്ന വിവരത്തില്‍ അന്നുരാത്രിതന്നെ അന്വേഷണമാരംഭിക്കുന്നത്. ഗുരുതരമായി പരിക്കേറ്റുകിടന്നയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടസ്ഥലത്തുനിന്ന് ഫോണ്‍ ലഭിച്ചതിലൂടെ മരിച്ചത് റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എളമക്കര സ്വദേശി സുധീശന്‍ (65) ആണെന്ന് തിരിച്ചറിഞ്ഞു. ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒരു സിമന്റ് ലോറിയാണെന്ന് വ്യക്തമായി.
അന്വേഷണത്തില്‍ ലോാറിഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുധീഷ് അറസ്റ്റിലായി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണെങ്കിലും അപകടത്തില്‍പ്പെട്ടയാളുടെ മരണം ഉറപ്പാണെന്നറിഞ്ഞ് വാഹനവുമായി രക്ഷപ്പെട്ടതോടെ കേസ് കൊലപാതകമായി.
വഴിത്തിരിവായ 'വീലടയാളം'
കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കുണ്ടന്നൂരിലെ വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയുന്നതുമുതല്‍ പ്രതിയെ കണ്ടെത്തുന്നതു വരെയുള്ള ഘട്ടങ്ങളില്‍ തെളിഞ്ഞത് കേരളാപോലീസിന്റെ അന്വേഷണമികവും കൂട്ടായ പ്രവര്‍ത്തനവും.
ഫ്രെബുവരി 13-ന് രാത്രി 7.40-ഓടെയാണ് അപകട വിവരമറിയിച്ച് മരട് പോലീസ് സ്റ്റേഷനിലേക്കും പോലീസ് കണ്‍ട്രോള്‍റൂമിലേക്കും ഫോണ്‍വിളിയെത്തിയത്. അപകടത്തില്‍ മരിച്ചയാളെ കണ്ടെത്തിയതിനുപിന്നാലെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തുകയെന്നതായിരുന്നു പോലീസിന്റെ വെല്ലുവിളി.
വിസ്മയകേസ്, ഇലന്തൂര്‍ നരബലി പോലെ കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ അന്വേഷണമികവിലൂടെ ശ്രദ്ധേയനായ സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആദ്യഘട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ ഇരുട്ടില്‍ തപ്പി.
അപകടസ്ഥലത്തെ റോഡില്‍ തെറിച്ചുവീണ ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാടും സിമന്റിന്റെ അംശവുമായിരുന്നു ആകെയുള്ള തെളിവ്.
കുണ്ടന്നൂരില്‍ സി.സി.ടി.വി.യില്ലാത്തതിനാല്‍ വൈറ്റില ഭാഗത്തേക്കും അരൂര്‍ഭാഗത്തേക്കുമുള്ള റോഡരികിലെ മറ്റ് ക്യാമറകളില്‍ പരതി. അഞ്ചുമിനിറ്റില്‍ നൂറുകണക്കിന് വാഹനങ്ങളാണ് രണ്ടുവശത്തേക്കുമായി നിരയായി പോകുന്നത്. അവയില്‍നിന്ന് ഏതെങ്കിലുമൊരെണ്ണം കണ്ടെത്തുക പ്രയാസമായിരുന്നു.
പിറ്റേന്ന് രാവിലെ അപകടസ്ഥലത്തുനിന്ന് മാറി തേവര-കുണ്ടന്നൂര്‍ പാലത്തിന് കീഴെയുള്ള ഒരു കടയിലെ സി.സി.ടി.വി.യില്‍ ചരക്കുലോറിയുടേതെന്ന് തോന്നിക്കുന്ന അവ്യക്തദൃശ്യം കിട്ടി.
ആ വാഹനം രാത്രി 7.11-ന് പാലത്തിനരികെയെത്തുകയും മൂന്നുമിനിറ്റോളം അവിടെ പാര്‍ക്കുചെയ്യാന്‍ ശ്രമിക്കുകയുമാണ്. പിന്നീട് 7.30-ന് വാഹനം വീണ്ടും യാത്രതുടരുന്നു. തേവരഫെറി ജങ്ഷനിലെ സി.സി.ടി.വി.യില്‍നിന്ന് ഈ ലോറിയുടെ കുറച്ചുകൂടി വ്യക്തമായ ദൃശ്യം കിട്ടി.
നിര്‍ണായകമായ 11 മിനിറ്റ്
വൈറ്റിലയ്ക്കുള്ള റോഡിലെ ഒരു ക്യാമറയില്‍ 7.41-ന് ഈ ചരക്കുലോറി കടന്നുപോകുന്ന ദൃശ്യമുണ്ട്. പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് ഇവിടേക്കെത്താന്‍ രണ്ടുമിനിറ്റില്‍താഴെ മതി. 11 മിനിറ്റ് ആ ലോറി എവിടെയായിരുന്നു? പോലീസിന്റെ സംശയം പതിനാറുവീലുള്ള ആ ലോറിക്ക് മീതേ ഉറച്ചു.
ലോറി 6.40-ന് ഐലന്‍ഡ് ചെക്‌പോസ്റ്റ് കടന്നിട്ടുണ്ട്. അവിടെനിന്ന് ലോറിയുടെ വിശദാംശങ്ങളും ഗോഡൗണില്‍നിന്ന് ഡ്രൈവറുടെ വിവരങ്ങളും കിട്ടി. ഡ്രൈവറുടെ ഫോണ്‍വിളികളുടെ രേഖകളും പരിശോധിച്ചു.
അപകടം നടന്നതിന് തൊട്ടുപിന്നാലെ ഡ്രൈവറുടെ ഫോണില്‍നിന്ന് ലോറിയുടമയ്ക്ക് വിളിപോയിട്ടുണ്ട്. തുടര്‍ന്ന് ഭാര്യക്കും. ചോദ്യംചെയ്യലില്‍ വാഹനമോടിച്ചിരുന്ന പത്തനംതിട്ട സ്വദേശി സുധീഷ് കുറ്റം സമ്മതിച്ചു.
#kundanur #car #accident #case