#Wildanimalattack | വന്യജീവി ആക്രമണം; മുഖ്യ മന്ത്രി ഉല്ലാസ യാത്ര നിർത്തി വെച്ച് പ്രശ്ന പരിഹാരം കാണം - അഡ്വ ബിജു കണ്ണന്തറ

#Wildanimalattack | വന്യജീവി ആക്രമണം; മുഖ്യ മന്ത്രി  ഉല്ലാസ യാത്ര  നിർത്തി വെച്ച്  പ്രശ്ന പരിഹാരം കാണം - അഡ്വ ബിജു കണ്ണന്തറ
Dec 10, 2023 08:49 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) ഏറ്റവും കൂടുതൽ കടുവാ സാന്ദ്രതയുള്ള വയനാട്ടിൽ പൊതുജനങ്ങളെ കടിച്ചു കീറാൻ കടുവകളെ സ്വര്യവിഹാരത്തിന് വിട്ട് പൊതുജന അവഹേളനയാത്ര നടത്തുന്ന മുഖ്യമന്ത്രിയും കൂട്ടരും യാത്ര മതിയാക്കി പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്ന് കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

ഭരണഘടനാ വിരുദ്ധമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതി വന വന്യജീവി സംരക്ഷണ നിയമങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തണമെന്ന് കർഷക കോൺഗ്രസ്സ് അടക്കമുള്ള കർഷക സംഘടനകൾ മുറവിളി കൂട്ടുന്നതിനിടയിലാണ് കടുവകൾ സ്വര്യ വിഹാരം നടത്തുന്നതും പശുവിന് പുല്ലരിയാൻ പോയ കർഷകനെ പച്ചക്ക് കടിച്ചു കീറുന്നതും.

വനം-വന്യ ജീവി സംരക്ഷണം സമൂഹത്തിന് വേണ്ടിയാവണമെന്നും അതിലൂടെയുള്ള പരിസ്ഥിതി സംരക്ഷണത്തിന്റെയടക്കം ആത്യന്തിക ഫലം അനുഭവിക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതിനായി വനം വന്യജീവി സുരക്ഷാ നിയമങ്ങൾ പൊളിച്ചെഴുതണം. ആള്‍ നാശവും കൃഷിനാശവും സംഭവിക്കുന്നത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം എന്ന ഇതുവരെയുള്ള അപേക്ഷകൾ എല്ലാം ബധിരകർണ്ണങ്ങളിലാണ് പതിച്ചത് എന്നതിന്റെ തെളിവാണ് ഇത്തരം പ്രശ്നങ്ങൾ എല്ലാം തൃണവൽഗണിച്ച് കൊണ്ട് കൂടുതൽ പ്രശ്നങ്ങൾ പഠിക്കാൻ എന്ന വ്യാജേനയുള്ള ഉല്ലാസ യാത്രയും കടുവകൾ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിഹാസ്യമായ ചോദ്യങ്ങളും.

മൃഗങ്ങള്‍ കാട്ടില്‍ തന്നെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം. മനുഷ്യരുടെ ജീവനും ഉപജീവനത്തിനും സംരക്ഷണം വേണം. ഷെഡ്യൂൾഡ് ജീവികളുടെ പട്ടികയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം.

വനമിറങ്ങി വന്ന് മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ജനങ്ങൾക്ക് അനുവാദം നൽകണം ലോകത്ത് എല്ലായിടത്തും നിയന്ത്രിത മൃഗവേട്ട അനുവദിക്കുന്നുണ്ട്.

അവിടെയെല്ലാം വന്യജീവികളുടെ എണ്ണം ഇന്ത്യയിലേതിനെക്കാൾ മെച്ചവുമാണ്. ദേശീയോദ്യാനങ്ങൾക്ക് പുറത്ത് യുക്തിസഹമായ മൃഗവേട്ട അനുവദിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ വന്യജീവികളെ നിയന്ത്രിക്കാനുള്ള അനുമതി നൽകണമെന്ന് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

#Wildanimalattack #chiefminister #stop #pleasuretrip #find #solution #problem #AdvBijuKannanthara

Next TV

Related Stories
Top Stories










Entertainment News