സുല്‍ത്താന്‍ ബത്തേരി: www.truevisionnews.com വയനാട് വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതറിഞ്ഞ് കുഴഞ്ഞു വീണ നാട്ടുകാരന്‍ മരിച്ചു. വാകേരി മാരമാല കോളനി നിവാസി കൃഷ്ണന്‍ ആണ് മരിച്ചത്. കടുവയുടെ ആക്രമണം അറിഞ്ഞതിനു പിന്നാലെ കുഴഞ്ഞു വീണ കൃഷ്ണനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഇന്ന് വൈകീട്ട് സംസ്‌കരിച്ചു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.
വൈകിട്ട് 4 മണിയോടുകൂടിയാണ് മൃതദേഹം വാകേരി മൂടക്കൊല്ലിയിലെ പ്രജീഷിന്റെ വീട്ടിലെത്തിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു.
കടുവയെ മയക്കുവെടിവെക്കാനായി ലൊക്കേറ്റ് ചെയ്യുന്നതിനുള്ള നടപടികളാണ് നിലവില്‍ നടക്കുന്നത്. തിരച്ചിലിന്റെ ഭാഗമായി കൂടുതല്‍ ക്യാമറകളും സ്ഥാപിക്കും.
മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടി, കൂട്ടിലടയ്ക്കുക എന്നതാണ് ഉത്തരവ്. ആദ്യ ഘട്ടത്തില്‍ കൂട് വെച്ച് പിടികൂടാന്‍ ശ്രമിക്കുക, രണ്ടാം ഘട്ടത്തില്‍ മയക്കുവെടി വെക്കുക എന്നതാണ് നിര്‍ദേശം.
#localman #died #after #learning #Wayanad #tiger #attack
