പാണ്ടിക്കാട്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസിൽ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 5.45നാണ് സംഭവം.

കുട്ടി വിസർജിച്ചതിനെത്തുടർന്ന് വൃത്തിയാക്കാൻ വേണ്ടി പുറത്തിറങ്ങിയ മാതാവിനെ നായ് ആക്രമിക്കാൻ വന്നപ്പോൾ ഓടുന്നതിനിടെ കൈ തെന്നി കുട്ടി കിണറ്റിൽ വീഴുകയായിരുെന്നന്ന് വീട്ടുകാർ പറഞ്ഞു.
മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനിലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷപ്രവർത്തകർ സ്ഥലത്ത് എത്തി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കൃഷ്ണകുമാർ കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. പാണ്ടിക്കാട് പൊലീസ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മഞ്ചേരി അഗ്നിരക്ഷ നിലയത്തിലെ ഓഫിസർമാരായ എം.വി. അനൂപ് ശ്രീലേഷ് കുമാർ, കെ.കെ. പ്രജിത്ത്, ഗണേഷ് കുമാർ, പാണ്ടിക്കാട് പൊലീസ്, പൊലീസ് വളന്റിയർമാർ, ട്രോമകെയർ പ്രവർത്തകർ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
#seven #month #old #baby #died #after #falling #into #backyard #well
