കോഴിക്കോട് : (truevisionnews.com) ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതൃസഹോദരൻ റിമാൻഡിൽ.
ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടിൽ ഹനീഫയെ (53) ആണ് വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ് അറസ്റ്റ് ചെയ്തത്.
പിന്നീട്, വടകര മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് (30) തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹനീഫയെ വെള്ളിയാഴ്ച വൈകീട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആത്മഹത്യ പ്രേരണക്കും യുവതിയെ മർദ്ദിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് ഹനീഫക്കെതിരെ കേസെടുത്തത്.
പൊലീസ് ഷെബിനയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. ഉമ്മ മുറിക്കകത്തു കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും വീട്ടിലുള്ളവർ ഒന്നും ചെയ്തില്ലെന്ന് ഷെബിനയുടെ മകൾ പൊലീസിന് മൊഴി നൽകി.
ഭർതൃമാതാവിനെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കാനും പൊലീസ് നീക്കമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂരിലെ കുനിയിൽ താമസിക്കുന്ന പുളിയംവീട്ടിൽ അമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷെബിന ഭർത്യവീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണം ഗാർഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തു വന്നതോടെയാണ് കേസന്വേഷണം ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന് കൈമാറിയത്.
ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും യുവതിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും 120 പവൻ സ്വർണം നൽകിയാണ് യുവതിയെ വിവാഹം കഴിച്ചു നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു.
വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ കയറി ഷെബിന വാതിലടച്ച വിവരം മകൾ ഹന ഭർതൃപിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല. കൂടാതെ, ഷെബിന മുറിയിൽ കയറിയ വിവരം ഭർത്താവിന്‍റെ സഹോദരിയെ വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഫോണിൽ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും പരാതിയിൽ പറയുന്നു.
2010ലാണ് ഷെബിനയുടെയും ഹബീബിന്‍റെയും വിവാഹം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ഷെബിന തൂങ്ങി മരിച്ചത്.
പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറി താമസിക്കാൻ ഷെബിന തീരുമാനിച്ചെങ്കിലും സ്വർണം അടക്കമുള്ളവ തിരികെ നൽകാർ ഭർത്താവിന്‍റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോൾ അധിക്ഷേപിച്ചെന്നും ബന്ധുക്കൾ പറയുന്നു.
#husband's #maternal #brother #remand #case #woman #found #dead #her #husband's #house #Orkattery #Kunnummakkara.