പേരാമ്പ്ര : (www.truevisionnews.com) ഹൈസ്ക്കൂൾ വിഭാഗം മലയാളം കഥാപ്രസംഗ മത്സരത്തിൽ ഇത്തവണയും ഗൗരി ചന്ദ്ര തന്നെ മുന്നിലെത്തി.
എഴുത്തുകാരി ശ്രീമതി സുധാമേനോൻ എഴുതിയ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന പുസ്തകത്തിലെ ജീവലതയുടെ ജീവിതമാണ് ഗൗരി ചന്ദ്ര കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചത്.
വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി ചന്ദ്ര കഴിഞ്ഞ വർഷം കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. "ജീവലതയുടെ ജീവിതം " എന്ന കഥാപ്രസംഗം വർത്തമാനകാല ലോകത്തിനു മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
ശ്രീലങ്കയിലെ വംശീയ കലാപത്തിൽ തൻറെ അച്ഛനെയും അമ്മയെയും സഹോദരനെയും ഭർത്താവിനെയും ജീവനെപ്പോലെ കരുതിയ തൻറെ രണ്ടു മക്കളെയും മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന ഹതഭാഗ്യയായ സ്ത്രീയാണ് ജീവലത.
പഠിക്കുമ്പോൾ ഡോക്ടറാകണമെന്ന് കരുതി പഠിച്ച ജീവലത എന്ന കൊച്ചു മിടുക്കിയുടെ സ്വപ്നങ്ങൾ നിനച്ചിരിക്കാത്ത നേരത്ത് വരുന്ന വംശീയ യുദ്ധം തകർത്തെറിയുന്നുണ്ട്. അവളുടെ മൂന്നാമത്തെ മകനായ ഇളങ്കോവനെ കാൽ മുറിച്ച് മാറ്റപ്പെട്ട നിലയിലാണ് അവൾക്ക് തിരിച്ചു കിട്ടിയത്.
അവനോടൊപ്പം അതിജീവനത്തിന്റെ മഹത്തായ മാതൃകയായി ജീവലത ഇപ്പോഴും ശ്രീലങ്കയിൽ സജീവമാണ്. ഇത്രയും ദുരന്തങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു സ്ത്രീ ജന്മത്തെ നമുക്ക് മറ്റൊരിടത്തും കാണാൻ കഴിഞ്ഞിട്ടില്ല.
200 ഓളം സ്ത്രീകളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു നൂറുകളെയും സിംഹളരെയും തമിഴരെയും ഒരുമിച്ച് ചേർത്ത് യുദ്ധത്തിന്റെ വിജയഗാഥകൾക്ക് പകരം ഒരുമയുടെ സ്നേഹ രാഗങ്ങൾ പാടി പഠിപ്പിക്കുകയാണ് ഇപ്പോൾ ജീവലത.
"എത്ര കോടാലികൾ വെട്ടിമുറിച്ചിട്ടും ഉണങ്ങിപ്പോയീലാ പെൺമരം വീണ്ടും വീണ്ടും തളിർത്തൂ കാലത്തിന്റെ മുറ്റത്ത്കരുത്തായി"
യുദ്ധം വിഴുങ്ങുന്ന സ്ത്രീ ജീവിതങ്ങളെയും ശിശു ജീവിതങ്ങളെയും തീവ്രമായി ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ ഈ കഥാപ്രസംഗം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഈ വംശീയ കലാപങ്ങൾ എന്നാണ് അവസാനിക്കുക... ?എന്ന സങ്കടകരമായ ചോദ്യം കാഥിക ഉയർത്തുന്നുണ്ട് .
"കഥ കെട്ട ലോകത്തിനു മുകളിൽ കഥകൾ പൂക്കുന്ന കാലം വരും" എന്ന് ശുഭപ്രതീക്ഷയോടുകൂടി സംസാരിക്കുക മാത്രമല്ല എല്ലാവരെയും ഈ പ്രതീക്ഷയുടെ ഗാനം പാടാൻ ക്ഷണിക്കുന്നുമുണ്ട് ഈ കൊച്ചു മിടുക്കി.
"വാക്കുകൾ പൂക്കും വസന്തം വരും അന്ന് തോക്കുകൾ നിശബ്ദമാകും പാട്ടുകൾ പെയ്യും സുഗന്ധം തരും അന്ന് ബോംബുകൾ നിർവീര്യമാകും" യുദ്ധത്തിനെതിരെ ഏറ്റവും സർഗാത്മകമായ ഭാഷയിൽ ഈ കഥാപ്രസംഗം നമ്മോട് സംസാരിക്കുന്നുണ്ട്.
സംവദിക്കുന്നുണ്ട്. രമേശ് കാവിലിന്റേതാണ് രചനയും സാക്ഷാത്കാരവും . ഇതിൽ ഹാർമോണിയം വായിച്ച ശിവനന്ദൻ എസ് ,തബല കൈകാര്യം ചെയ്ത കാർത്തിക് മുരളി, വയലിൻ വായിച്ച നിദാൻ, സിംബലും ടൈമിംഗും കൈകാര്യം ചെയ്ത ദീക്ഷിത് വിനോദ് എന്നിവർ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.
വിനോദ് കാവിൽ , ബാലൻ മാഷ്, അഖിലേഷ് ചന്ദ്ര എന്നിവരാണ് പശ്ചാത്തല സംഗീതമൊരുക്കിയത് . പുത്തൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഡി. ദീപ ടീച്ചറുടെയും കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി. അഖിലേഷ് ചന്ദ്രയുടെയും മകളാണ് ഒമ്പതാം ക്ലാസുകാരിയായ ഗൗരിചന്ദ്ര.
#KozhikodeRevenueDistrictKalolsavam2023 #Gaurichandra #his #friends #went #statelevel #secondtime #presenting #story #life