കൊച്ചി: (truevisionnews.com) രാജ നഗരിയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ. എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതൽ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.
കൊച്ചിയുടെ ഗതാഗതവഴിയിൽ നാഴിക കല്ലായ കൊച്ചി മെട്രോ ആണിപ്പോൾ പുതിയ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങുന്നത്. ആലുവയിൽ നിന്ന് തുടങ്ങി 24 സ്റ്റേഷനുകൾ പിന്നിട്ട് അഞ്ചാമത്തേതും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രോ സ്റ്റേഷനാണ് തൃപ്പൂണിത്തുറയിൽ ഒരുങ്ങുന്നത്.
എസ് എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള ദൂരം പാളങ്ങൾ ഒരുങ്ങി കഴിഞ്ഞു. സിംഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിട്ടുണ്ട്. ഇന്നുമുതലാണ് ഈ റൂട്ടിലുള്ള പരീക്ഷണയോട്ടം ആരംഭിക്കുക.
രാത്രി 11.30ന് ട്രെയിനിൻറെ പരീക്ഷണ ഓട്ടം തുടങ്ങും. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്റ്റേഷനുള്ളത്. ഇത് കൊച്ചി മെട്രോയുടെ പ്രതീക്ഷകൾ വർധിപ്പിക്കും.
തൃപ്പുണിത്തുറയിലേക്കുള്ള സ്ഥിരം സർവീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് കണക്കാക്കുന്നത്. റെയിൽവേയുടെ സ്ഥലംകൂടി ലഭ്യമായതോടെയാണ് തൃപ്പൂണിത്തുറ സ്റ്റേഷൻറെ നിർമാണം വേഗത്തിലായത്.
ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യം ഉപയോഗിച്ചത് എസ് എൻ ജംഗ്ഷൻ തൃപ്പൂണിത്തുറ സ്റ്റേഷൻവരെയുള്ള 60 മീറ്റർ മേഖലയിലാണ്. തൃപ്പുണിത്തുറ വരെ 28.12 കിലോമീറ്ററാണ് കൊച്ചി നഗരം ചുറ്റി മെട്രോ ഓടുക.
#KochiMetro #rush #Rajanagari