കൊല്ലം : (www.truevisionnews.com) ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേലിനെ താമസിപ്പിച്ചത് ഫാം ഹൗസിലല്ലെന്ന് മൊഴി. കുഞ്ഞിനെ താമസിപ്പിച്ചത് മാമ്പള്ളിക്കുന്നത്തെ വീട്ടിലാണെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനെത്തിയ കാർ ഓടിച്ചിരുന്നത് പത്മകുമാറാണ്. ഭാര്യ അനിതയും മകൾ അനുപമയും കാറിലുണ്ടായിരുന്നു. കുഞ്ഞിനെ കാറിലേക്ക് വലിച്ചുകയറ്റിയത് അനിതയാണ്.
ഫോൺ വിളിച്ച് മോചന ദ്രവ്യം ആവശ്യപെട്ടതും അനിതയാണ്. കിഴക്കനേലയിലെ ഗിരിജയുടെ കടയിൽ വന്നത് പത്മ കുമാറിന്റെ ഭാര്യയാണെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.
കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്നും പത്മകുമാർ പറഞ്ഞു.
നഴ്സിംഗ് പഠനത്തിന് അഞ്ച് ലക്ഷം രൂപ റെജിക്ക് നൽകിയെന്നും അത് തിരിച്ചുകിട്ടാനുള്ള ശ്രമമായിരുന്നുവെന്നുമുള്ള ഇന്നലത്തെ മൊഴി പൊലീസിനെ വഴി തെറ്റിക്കാനായിരുന്നുവെന്നും ഇയാൾ മൊഴിയിൽ പറയുന്നുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
പ്രതികൾ പല കുട്ടികളെയെയും ലക്ഷ്യം വച്ച് കാറുമായി സഞ്ചരിച്ചതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
പത്മകുമാറിന്റെ വെള്ള ഡിസയർ കാറിലാണ് പ്രതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ചുകിട്ടാൻ നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടുപോകലെന്ന ആദ്യ മൊഴിയാണ് ഇതോടെ പൊളിഞ്ഞത്.
ഭാര്യ അനിതയ്ക്കും മകൾ അനുപമയ്ക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നായിരുന്നു പത്മകുമാർ ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ തങ്ങൾക്കും പങ്കുണ്ടെന്ന് അനിതയും അനുപമയും സമ്മതിച്ചു.
ഇന്നലെ റെജിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. മകളുടെ പഠനവുമായി ബന്ധപ്പെട്ട പത്മകുമാറിന്റെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല.
ഇന്നലെ പുലർച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്.
കുട്ടി നൽകിയ വിവരങ്ങളുടെയും സാക്ഷികൾ നൽകിയ സൂചനകളുടെയും ലാപ്ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.
ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്.
#kidnappingcase #statement #related #child's #father #mislead #police #Padmakumar #no #financial #transaction
