തിരുവനന്തപുരം: (truevisionnews.com) ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായകമായത് കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണം.

ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്.
കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു.
നീല കാറിലാണ് തന്നെ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്.
27ന് വൈകിട്ടാണ് ട്യൂഷന്‍ സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്.
രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു.
സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി. നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്.
രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.
മൊബൈൽ ഉപയോഗിക്കാത്തതിനാൽ അറസ്റ്റിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘം. അറസ്റ്റുചെയ്യുന്നതായി കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് അറിയിച്ചപ്പോൾ ചെറുത്തുനിൽപ്പില്ലാതെ പ്രതികൾ കീഴടങ്ങി.
കൊല്ലത്തെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് പൊലീസ് പറയുമ്പോഴും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരാനുണ്ട്.
#Crucially #Bluescar #Arrest #eating #hotel #Surrender #resistance
