#Robbery | കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തി; മൂന്നംഗ സംഘം അറസ്റ്റിൽ

#Robbery | കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തി; മൂന്നംഗ സംഘം അറസ്റ്റിൽ
Oct 3, 2023 12:26 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ.

എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തലേദിവസം ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഡോക്ടറുടെ റൂമിൽ എത്തി വടിവാള്‍ കാണിച്ച് പണം ആവശ്യപ്പെട്ടു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോൾ ഗൂഗിൾ പേ വഴി 2500 രൂപ അയപ്പിച്ചു.

അനു എന്ന യുവതി ആറ് മാസമായി അനസിന്റെ കൂടെയാണ്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്നും മയക്കുമരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു. കവര്‍ച്ചക്ക് ശേഷം അനസും അനുവും ദില്ലിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളില്‍ ഇവര്‍ പൊലീസ് പിടിയിലായി.

ഇവരിൽ നിന്ന് ബൈക്കുകളും മൊബൈൽ ഫോണുകളും വടിവാളും പൊലീസ് കണ്ടെടുത്തു. ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും കോഴിക്കോട് ആന്‍റ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ, അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എസ്.ഐമാരായ സിയാദ്, അനിൽകുമാർ, എ.എസ്.ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീൺ, അഭിലാഷ് രമേശൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

#Robbery #doctor #Kozhikode #armed #stick #carriedout #robbery #atmosphere #terror #group #three #arrested

Next TV

Related Stories
Top Stories










Entertainment News